
കാസർകോട് : കൃഷിയെ സ്നേഹിക്കുന്നവർക്കും താൽപര്യം പുലർത്തുന്നവർക്കും കാർഷികസർവകലാശാലയുടെ കീഴിലുള്ള പിലിക്കോട് ഉത്തരമേഖല കാർഷികഗവേഷണകേന്ദ്രത്തിൽ പഠനാവസരം. ഫാം കാർണിവൽ നടക്കുന്ന 10 ദിവസമാണ് ഗവേഷണ കേന്ദ്രത്തിൽ കൃഷിപാഠം പകർന്നുനൽകുന്നത്.
ഗവേഷണ സ്ഥാപനങ്ങളുടെ ചരിത്രത്തിൽ ആദ്യമായാണ് കൃഷിചെയ്യുന്ന വിധം ലൈവായി കാണിക്കുന്നത്. പ്രധാനമായും പുതുതലമുറയെ കൃഷിയിലേക്ക് ആകർഷിക്കാനുള്ള പദ്ധതിയാണിത്.
കേരശ്രീ, കേര ഗംഗ, കേരസങ്കര, കേര സൗഭാഗ്യ, ലക്ഷഗംഗ തുടങ്ങി 52 തെങ്ങിനങ്ങൾ, മാവിന്റെ ജനിതക വൈവിധ്യങ്ങൾ, ഏഴോം-2, ഞവര, രക്‌തശാലി, ചെമ്പാവ്, ഓണമുട്ടൽ, ഒടിയൻ തുടങ്ങി 100 ഓളം നാടൻ നെല്ലിനങ്ങൾ, വിവിധ കിഴങ്ങ് വർഗ്ഗങ്ങൾ, ചെറുധാന്യങ്ങൾ, എണ്ണവിളകൾ, പത്തിലധികം ഇലക്കറികൾ, ഔഷധസസ്യങ്ങൾ, പശു, ആട്, വളർത്തൽ, പച്ചക്കറികൾ എന്നിങ്ങനെ മിക്ക കൃഷിയും ലൈവ് ആയി പഠിച്ചെടുക്കാമെന്നതാണ് കൃഷിപാഠത്തിന്റെ പ്രത്യേകത. ജൈവ ,സംയോജിത കൃഷി, ശാസ്ത്രീയ കൃഷി രീതികളെയെല്ലാം ഇതുവഴി പഠിച്ചെടുക്കാൻ കഴിയും. തേനീച്ച, കൂൺ, ജൈവ ഉത്പാദന ഉപാധികളുടെ നിർമ്മാണം, തെങ്ങ് സങ്കരണം, ഗ്രാഫ്റ്റിംഗ്, യന്ത്രവത്ക്കരണം, പോളിനേഷൻ, മെക്കനൈസേഷൻ, ട്രില്ലർ ഓടിക്കൽ തുടങ്ങിയവയിലുള്ള പരിശീലനവും ഗവേഷണകേന്ദ്രം നൽകുന്നുണ്ട്.
മെഡിറ്റേഷൻ, യോഗ, പ്രകൃതി, ആയുർവേദം, ഹോമിയോ, അലോപ്പതി എന്നീ ചികിത്സാരീതികൾ ഒരു കുടക്കീഴിൽ അണിനിരത്തുന്ന ഹെൽത്ത് കോർണറും കാർണിവലിലെ അനുഭവമാണ്.
കരിമ്പ്, എണ്ണ വിളകൾ, മില്ലറ്റ്, തെങ്ങിനങ്ങൾ, നെല്ലിനങ്ങൾ തുടങ്ങി എല്ലാ വിളകളും ബയോപാർക്കും ലൈവ് ആയി കണ്ടുപഠിക്കുക മാത്രമല്ല ഉൽപാദന സ്ഥലത്ത് തന്നെ കൃഷിക്കാർക്ക് പരിശീലനവും നൽകാനാണ് ഉദ്ദേശിക്കുന്നത്. ജൈവോൽപ്പാദന ഉപാധികളോ ഡ്രാഫ്റ്റിംഗോ പഠിക്കാൻ വരുന്നവർക്ക് അതിന് അവസരം നൽകും. അതല്ല സങ്കരയിനം തെങ്ങിൻ തൈകൾ ഉണ്ടാക്കാൻ പഠിക്കണോ, പോളിനേഷൻ പഠിക്കണോ ആഗ്രഹം പോലെ നമ്മൾ ചെയ്തു കൊടുക്കും ഡോ.ടി.വനജ (അസോസിയേറ്റ് ഡയറക്ടർ, പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രം)