glossy-ibis

പട്ടുവം: ദേശാടന പക്ഷികളായ ഗ്ലോസി ഐബിസുകൾക്ക് സ്വാഗതമോതി പട്ടുവത്തെ നെൽവയലുകളും കൈപ്പാട് നിലങ്ങളും. നെൽവയലുകളും കൈപാടു ശേഖരങ്ങളും ധാരാളമായുള്ള പട്ടുവം, ഏഴോം പ്രദേശങ്ങൾ ദേശാടന പക്ഷികളുടെ ഇഷ്ട ഇടങ്ങളാണ്. ധാരാളമായി പക്ഷികൾ ഇവിടങ്ങളിൽ എത്തിച്ചേരാറുണ്ട്. ഇപ്പോൾ ഗ്ളോസി ഐബിസ് ഇനങ്ങളാണ് കൂടുതലായി വന്നെത്തിയിരിക്കുന്നത്. കോട്ടക്കീൽ അവിൽ മില്ലിനടുത്തുള്ള കൈപാടിലാണ് ഇവയുടെ പ്രധാന മേച്ചിൽപുറം.

കൊയ്‌തൊഴിഞ്ഞ കൈപ്പാടിലെ ചീഞ്ഞളിഞ്ഞ വൈക്കോൽ കുറ്റിക്കടിയിലാണ് നീണ്ട കൊക്കുകൾ ഇറക്കി ഇവ ഇരതേടുന്നത്. ചെറിയ ശരീരവും വലിയ കൊക്കുകളും ഇരുണ്ട നിറവുമാണ് ഈ നീർപക്ഷികൾക്ക്. ഗ്ലോസി ഐബിസുകൾ കൂട്ടമായി എത്താൻ തുടങ്ങിയാൽ പുഴയിൽ ചെമ്മീൻ സമൃദ്ധമാകുമെന്ന് വിശ്വസിക്കുന്ന പുഴ മത്സ്യത്തൊഴിലാളികളുമുണ്ട്. വേലിയിറക്കത്തിൽ പുഴയിൽ പ്രത്യക്ഷപ്പെടുന്ന മണൽ പറപ്പിലും ആയിരക്കണക്കിന്നു ഗ്ലോസി ഐബിസുകൾ ഇറങ്ങുന്നു.
നേരത്തെ അതിഥിയായി എത്തി കൂടുകൂട്ടി പെരുകിയ സൈബീരിയൻ കൊക്കുകൾ തിരിച്ചു പോകാതെ ഇവിടത്തെ കാലാവസ്ഥയിൽ പൊരുത്തപ്പെട്ടു സ്വദേശികളായിട്ടുണ്ട്. എന്നാൽ ഗ്ലോസി ഐബിസുകൾ ഇതുവരെ സ്ഥരതാമസക്കാരായിട്ടില്ല. യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, ആസ്‌ട്രേലിയ,​ അമേരിക്കയിലെ അറ്റ്ലാന്റിക് കരീബിയൻ പ്രദേശം എന്നിവിടങ്ങളിൽ പ്രജനനം നടത്തിയതിനു ശേഷം മറ്റു പ്രദേശങ്ങളിൽ ചേക്കേറുകയാണത്രെ ഇവയുടെ രീതി.