കണ്ണൂർ: കണ്ണൂർ ടൗണിൽ വീണ്ടും ഓട്ടോറിക്ഷാ തൊഴിലാളികൾ തമ്മിൽ വാക്കേറ്റം. ടൗൺ പെർമിറ്റ് ഇല്ലാത്ത ഓട്ടോറിക്ഷ താലൂക്ക് ഓഫീസിന് മുന്നിൽ സവാരി നടത്തിയതിനെ തുടർന്നാണ് തൊഴിലാളികൾ തമ്മിൽ വാക്കേറ്റമുണ്ടായത്. പൊലീസ് സ്ഥലത്തെതി വണ്ടി നീക്കം ചെയ്താണ് പ്രശ്‌നം പരിഹരിച്ചത്. ടി.പി സ്റ്റിക്കർ ഒട്ടിക്കാത്ത ഓട്ടേ ദിവസങ്ങളായി താലൂക്കിനടുത്ത് സർവിസ് നടത്തുണ്ടെന്ന് പറഞ്ഞ് ടൗണിലെ ഓട്ടോതൊഴിലാളികൾ വണ്ടി തടയുകയായിരുന്നു. ഈ സമയം പെർമിറ്റ് ഇല്ലാത്ത ഓട്ടോ ഓടിച്ച ഡ്രൈവറുടെ സുഹൃത്തുക്കൾ എത്തുകയും തർക്കം കൈയാകളിയിൽ അവസാനിക്കുകയും ചെയ്തു. ഇരുകൂട്ടരും ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
ടൗൺ പാർക്കിംഗ് ഇല്ലാത്തതും ടി.പി സ്റ്റിക്കർ ഇല്ലാത്തതുമായ ഓട്ടോറിക്ഷകൾ ടൗണിൽ പാർക്ക് ചെയ്യുകയും സർവിസ് നടത്തുകയും ചെയ്യുന്നതിനെതിരേ കഴിഞ്ഞ കുറേ മാസങ്ങളായി പ്രശ്‌നങ്ങൾ നിലനിൽക്കുകയാണ്. ഇത് പരിഹരിക്കാൻ മേയറുടെയും മോട്ടോർ വാഹന വകുപ്പിന്റെയും നേതൃത്വത്തിൽ ചർച്ച നടത്തിയെങ്കിലും കാര്യമുണ്ടായിട്ടില്ലെന്ന് ഒരു വിഭാഗം തൊഴിലാളികൾ ആരോപിച്ചു.ടൗണിൽ ഓട്ടോറിക്ഷകളുടെ പാർക്കിംഗ് ക്രമീകരണം നടത്തിയിട്ട് വർഷങ്ങളായി. അതിനാൽ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ പാർക്കിംഗ് അനുമതിയുള്ള ഓട്ടോറിക്ഷകൾ വ്യാപകമായി ടൗണിൽ വന്ന് പാർക്ക് ചെയ്ത് സർവിസ് നടത്തുകയാണെന്നും ഇത് കാരണം ടൗണിൽ പാർക്കിംഗ് അനുമതിയുള്ള ഓട്ടോറിക്ഷകളുടെ ജോലിയും കൂലിയും ഗണ്യമായി കുറയുന്ന സാഹചര്യമാണെന്നും ഓട്ടോ തൊഴിലാളി സംഘടനകൾ പറഞ്ഞു.