കണ്ണൂർ: മുൻപ് സി.പി.എമ്മിനൊപ്പം ചേർന്ന് കോർപ്പറേഷൻ ഭരണത്തിൽ പലവിധ കാട്ടിക്കൂട്ടലുകൾ നടത്തുകയും ഇപ്പോൾ കോൺഗ്രസിൽ നിന്ന് പുറത്താക്കുകയും ചെയ്ത ഒരാൾ ഛർദിക്കുന്നത് വാരിത്തിന്നുന്ന പണിയാണ് ജയരാജനും സി.പി.എമ്മും എടുക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്. ടി.ഒ മോഹനൻ മേയറായിരുന്നപ്പോൾ
സമാനതകളില്ലാത്ത വികസന ക്ഷേമ പ്രവർത്തനങ്ങൾക്കാണ് കണ്ണൂർ കോർപ്പറേഷൻ സാക്ഷ്യംവഹിച്ചത്. അത്തരം വികസന ക്ഷേമ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടക്കുമ്പോൾ മേയർ സ്ഥാനം ലഭിക്കാത്തതിന്റെ മോഹഭംഗം പേറി നടക്കുന്ന ‘പരീക്കുട്ടി‘യുടെ ആരോപണങ്ങൾ ഏറ്റു പിടിക്കേണ്ട ഗതികേടിലാണ് സി.പി.എമ്മും ജയരാജനും. ട്രീറ്റ്മെന്റ് പ്ലാന്റ് പ്രവൃത്തി പൂർത്തിയായിട്ടില്ല എന്നത് ഏറ്റുപിടിക്കുന്ന ജയരാജൻ സ്വന്തം പാർട്ടിയുടെ മന്ത്രിയെയും വകുപ്പിനെയും കൂടിയാണ് താറടിക്കുന്നത്. വീടുകൾക്ക് സൗജന്യ കണക്ഷൻ നൽകുന്നതിനുള്ള പദ്ധതിക്ക് അംഗീകാരം ലഭിച്ചുകഴിഞ്ഞു. കുത്തിപ്പൊളിച്ച റോഡുകൾ മുഴുവൻ ഗതാഗതയോഗ്യമാക്കി കഴിഞ്ഞു. ചേലോറയിൽ നേരത്തെ സോണ്ടക്ക് കരാർ കൊടുത്തിരുന്നത് കോർപ്പറേഷൻ അല്ല സർക്കാർ നിയോഗിച്ച കെ.എസ്.ഐ.ഡി.സി ആണ്. അവർക്ക് അഡ്വാൻസ് തുക നൽകാൻ ഉദ്യോഗസ്ഥരിൽ സമ്മർദം ചെലുത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആണെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.