കണ്ണൂർ: കോർപ്പറേഷനിൽ നടന്ന അഴിമതിയെക്കുറിച്ചും ക്രമക്കേടുകളെക്കുറിച്ചും സമഗ്ര അന്വേഷണം നടത്തണമെന്ന ആവശ്യവുമായി സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. വീടുകളിൽ നിന്നും കടകളിൽ നിന്നും പൈപ്പ് ലൈനിലൂടെ മലിനജലം ശേഖരിച്ച് ശുദ്ധീകരിക്കാനാണ് സർക്കാർ അനുവദിച്ച 28 കോടി രൂപയുടെ ചെലവിൽ മലിനജല ശുദ്ധീകരണ പ്ലാന്റ് മഞ്ചപ്പാലത്ത് സ്ഥാപിച്ചത്. 10 വൻകിട സ്ഥാപനങ്ങളിൽ നിന്ന് മാത്രം പൈപ്പ് ലൈൻ കണക്ട് ചെയ്യുക വഴി വൻകിടക്കാരെ സഹായിക്കുകയും കോടികൾ അഴിമതി നടത്തുകയുമാണ് ഉണ്ടായതെന്ന ആക്ഷേപം അതീവ ഗൗരവതരമാണെന്ന് അദ്ദേഹം പറഞ്ഞു. പ്ലാന്റിന് വേണ്ടി കുത്തിപ്പൊട്ടിച്ച മൂന്ന് റോഡുകൾ ഇതുവരെ ഗതാഗത യോഗ്യമാക്കിയിട്ടില്ല.
ചേലോറയിൽ ഖരമാലിന്യം നീക്കം ചെയ്യുന്ന സർക്കാർ അനുവദിച്ച പദ്ധതിക്ക് 600 കോടി രൂപയാണ് മൊത്തം ചെലവ് വരിക. ആദ്യ കരാറുകാരനെ ഒഴിവാക്കി രണ്ടാമത്തെ കരാറുകാരനെ കോർപ്പറേഷനാണ് തിരഞ്ഞെടുത്തത്. മാലിന്യം നീക്കംചെയ്യുകയല്ല, പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ കൂമ്പാരമായിടുന്നതാണ് ട്രഞ്ചിംഗ് ഗ്രൗണ്ടിൽ കാണാൻ കഴിയുക. ആദ്യ കരാറുകാരന് പദ്ധതി പൂർത്തീകരിക്കും മുമ്പ് നൽകിയ 60 ലക്ഷം രൂപ ഈടാക്കാൻ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഇത് സംബന്ധിച്ച് നേരത്തെ തന്നെ ആരോപണമുയർന്നുവന്നതാണ്. ഏജന്റിനെ നിയോഗിച്ചാണ് ലൈസൻസ് ലഭ്യമാക്കുന്നതിലും വർക്ക് പെർമിറ്റ് നൽകുന്നതിലും വിഹിതം കൈപ്പറ്റുന്നത്. അങ്ങനെയുണ്ടാക്കിയ അഴിമതിപ്പണം ഉപയോഗിച്ച് മേയർ ബിനാമികളുടെ പേരിൽ പലതും വാങ്ങിക്കൂട്ടിയിട്ടുണ്ടെന്ന ആക്ഷേപവും ഉയർന്നുവന്നിട്ടുണ്ട്. അഴിമതിയും ക്രമക്കേടും സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടന്നുവരികയാണ്.
അഴിമതിക്ക് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയും അല്ലാത്തവരോട് പകപോക്കൽ സമീപനവുമാണ് മേയർ സ്വീകരിച്ചിരുന്നത്. അനധികൃത കെട്ടിടങ്ങൾ സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം ചിലർ അപേക്ഷ നൽകിയാൽ മറുപടി നൽകലല്ല, പ്രസ്തുത ഫയലുകൾ മേയറുടെ അടുത്തെത്തിക്കുകയാണ് ശീലം. കെട്ടിട ഉടമയെ മേയറുടെ അടുത്തെത്തിക്കുകയാണ് വിവരാവകാശ നിയമപ്രകാരമുള്ള ചില അപേക്ഷകരുടെ ലക്ഷ്യം. ഇത്തരക്കാർ ബിനാമി വിവരാവകാശ പ്രവർത്തകരാണ്. മാലിന്യ വാഹനങ്ങളും, പഴകിയ ഭക്ഷ്യവസ്തുക്കളും മറ്റും കോർപ്പറേഷൻ ഉദ്യോഗസ്ഥർ പിടിച്ചെടുത്താൽ പിന്നീട് പല കേസ്സുകളിലും എളുപ്പത്തിൽ രക്ഷപ്പെടാൻ കഴിയുന്നു. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചാൽ കർശന നടപടിയും സ്വീകരിക്കുന്നു.
സ്ഥലം എം.എൽ.എ തഴഞ്ഞു
എൽ.ഡി.എഫ് സർക്കാർ അനുവദിച്ചതോ ഇ.പി ലത മേയറായിരുന്ന കാലത്ത് ആരംഭിച്ചതോ ആയ വികസനപദ്ധതികളാണ് ഇക്കാലത്ത് ഉദ്ഘാടനം ചെയ്തതിൽ പലതും. അവയുടെ ഉദ്ഘാടന ചടങ്ങുകളിൽ പോലും സ്ഥലം എം.എൽ.എയെ പങ്കെടുപ്പിക്കാതെ മറ്റിടങ്ങളിലെ എം.എൽ.എമാരെയാണ് പങ്കെടുപ്പിച്ചത്. രാമചന്ദ്രൻ കടന്നപ്പള്ളി മന്ത്രിയായതിനുശേഷം സർക്കാർ ഫണ്ട് ഉപയോഗിച്ച് പൂർത്തിയായ പദ്ധതികൾ അദ്ദേഹത്തെ ക്ഷണിക്കാതെ മേയർ തന്നെ ഉദ്ഘാടനം ചെയ്യുകയായിരുന്നു.
ആരോപണം കോൺഗ്രസിനുള്ളിൽ നിന്നു തന്നെ
ജനാധിപത്യ വ്യവസ്ഥയിലെ ഏകാധിപതിയാണ് മേയറെന്നും പുതിയ പദ്ധതികളൊന്നും കൊണ്ടുവന്നിട്ടില്ലെന്നും പദ്ധതി തുക 80 ശതമാനവും ചെലവഴിക്കാൻ കഴിഞ്ഞിട്ടില്ലെന്നും കോൺഗ്രസുകാരനായ കൗൺസിലറാണ് ആരോപിച്ചത്. സർക്കാർ ഫണ്ടും ലാപ്സാക്കി എന്നും സ്ഥാനമൊഴിയുമ്പോൾ പൂർത്തീകരിക്കാത്ത പദ്ധതികളുടെ ഉദ്ഘാടന മാമാങ്കം നടത്തുക മാത്രമാണ് ചെയ്യുന്നതെന്നും ബന്ധുക്കളുടെ സ്വകാര്യറോഡ് കോർപ്പറേഷൻ ആസ്തിയാക്കി മാറ്റിയെന്നും അദ്ദേഹം ആരോപിക്കുകയുണ്ടായി.