food

കണ്ണൂർ: പഴകിയ ഭക്ഷണം ഒഴിവാക്കാതെ ഉപഭോക്താക്കളുടെ പ്ളേറ്റിൽ വിളമ്പുന്നതിന് മടിക്കാത്ത നഗരത്തിലെ ചില ഹോട്ടലുകളുടെ നടപടി ഗുരുതരപ്രശ്നം സൃഷ്ടിക്കുന്നു.കഴിഞ്ഞ ദിവസങ്ങളിലായി ആരോഗ്യ വകുപ്പിന്റെ പരിശോധനയിൽ വ്യാപകമായി പഴകിയ ഭക്ഷണം പിടികൂടിയിരുന്നു. ഏറ്റവുമൊടുവിൽ ഇന്നലെ ചില ഹോട്ടലുകളിൽ നിന്നും പഴകിയ ചിക്കൻ,പഴകിയ കറികൾ തുടങ്ങിയവ അധികൃതർ പിടികൂടി.

പഴകിയ മത്സ്യവും മാംസവും എണ്ണയും, നിരോധിച്ച പ്ലാസ്റ്റിക് ഉത്പ്പന്നങ്ങളുമെല്ലാം ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും വ്യാപകമാകുന്നുണ്ട്. ഇടയ്ക്ക് പരിശോധന കർശ്ശനമാക്കുമ്പോൾ കുറച്ചുദിവസത്തേക്ക് നിയമം പാലിക്കുകയും തുടർന്നും പഴയ സ്വഭാവം ആവർത്തിക്കുകയുമാണ് ഇവയുടെ രീതി. പലയിടങ്ങളിലും വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടലുകളും തട്ടുകടകളും പ്രവർത്തിക്കുന്നത്.ചിലയിടങ്ങളിൽ ഉപയോഗിക്കുന്ന വെള്ളം നിലവാരമില്ലാത്തതാണ്. ചില സ്ഥാപനങ്ങളിൽ നിന്ന് തുടർച്ചയായി പഴകിയ ഭക്ഷണം പിടികൂടിയിട്ടുണ്ടെങ്കിലും തുടർപരിശോധനയിൽ അധികൃതരും അനാസ്ഥ കാണിക്കുകയാണ്.

ഉദ്യോഗസ്ഥവീഴ്ചയും!

ഭക്ഷ്യ സുരക്ഷാവകുപ്പും ആരോഗ്യ വകുപ്പും ഹോട്ടലുകളിൽ നടത്തിയ റെയ്ഡുകളിൽ പിടിച്ചെടുത്ത പഴകിയ ഭക്ഷണങ്ങൾ പരശോധനക്ക് അയക്കാറില്ലെന്ന ആരോപണവും ഇതിനിടെ ഉയർന്നിട്ടുണ്ട്. ഫുഡ് സേഫ്റ്റി നിയമ പ്രകാരം ലാബിലേക്ക് സാമ്പിൾ അയച്ച് ഉടമകൾക്കെതിരെ ക്രിമിനൽ കേസെടുക്കേണ്ടതാണെങ്കിലും പല ഉദ്യോഗസ്ഥരും അതിന് തയാറാകുന്നില്ല.പകരം ചെറിയ പിഴ ഈടാക്കി പിടിച്ചെടുത്ത ഭക്ഷണം നശിപ്പിക്കുക മാത്രമാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരുടെ രീതി.

ഏഴുവർഷം തടവ്

പത്തുലക്ഷം പിഴ

2006ലെ നിയമപ്രകാരം ആറു മുതൽ ഏഴ് വർഷം വരെ തടവും ഒരുലക്ഷം മുതൽ പത്ത് ലക്ഷം രൂപ വരെ പിഴയുമാണ് ഗുണനിലവാരമില്ലാത്ത ഭക്ഷണം നൽകിയാൽ ലഭിക്കാവുന്ന ശിക്ഷ.

വിളമ്പരുത്,ജീവനാണ്

പഴകിയ ഭക്ഷണങ്ങൾ വലിയതോതിൽ ആരോഗ്യത്തിന് വില്ലനാകുന്നുണ്ട്. ദഹനസംബന്ധമായ പ്രശ്‌നങ്ങളിൽ തുടങ്ങി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിൽ വരെ ഇത് എത്തിയേക്കാം. ഒരു ദിവസം പഴക്കമുള്ള ഭക്ഷണം അടുത്ത ദിവസം ചൂടാക്കി കഴിക്കുമ്പോൾ അസിഡിറ്റി ഉറപ്പാണ്.പഴകിയ ഭക്ഷണം ദഹനക്കേട്, ഛർദ്ദി, വയറിളക്കം തുടങ്ങിയ പ്രശ്‌നങ്ങൾക്ക് കാരണമാകും. വേനൽക്കാലത്ത് ഈ പ്രശ്‌നങ്ങൾ വളരെ സാധാരണമാണ്. 45 മണിക്കൂറിൽ കൂടുതൽ ഫ്രിഡ്ജിൽ ഭക്ഷണം സൂക്ഷിച്ചാൽ അത് പഴകിയതാകും .വീണ്ടും വീണ്ടും ചൂടാക്കുമ്പോൾ വായുവുമായി സമ്പർക്കം പുലർത്തി ഭക്ഷണത്തെ മലിനമാക്കും.വേനൽക്കാലത്ത് പഴകിയ ഭക്ഷണം കഴിക്കുമ്പോൾ വയറിളക്കത്തിനുള്ള സാദ്ധ്യത കൂടുതലാണ്.

പിടുത്തത്തിലുമുണ്ട് രാഷ്ട്രീയം

കോർപറേഷൻ ആരോഗ്യവിഭാഗം ടൗണിലെ സ്ഥാപനങ്ങളിൽ നിന്ന് പഴകിയ ഭക്ഷ്യവസ്തുക്കൾ പിടികൂടുന്ന കേസുകളിൽ പ്രതികൾ എളുപ്പത്തിൽ രക്ഷപ്പെടുന്നുവെന്ന ആരോപണം കഴിഞ്ഞദിവസമാണ് ഉയർന്നുവന്നത്. രാഷ്ട്രീയ ഇടപെടലിലൂടെ പഴയ ഭക്ഷണം പിടികൂടുന്ന കേസുകളിൽ നിന്ന് രക്ഷപ്പെടാനാകുന്നുവെന്ന് സി.പി.എം ജില്ലാസെക്രട്ടറി എം.വി.ജയരാജൻ ആരോപിച്ചിരുന്നു.