
കാസർകോട് :നവകേരള സദസ്സിൽ ലഭിച്ച അപേക്ഷകൾ പൊതു ജനങ്ങളുടെ ആവശ്യമെന്ന നിലയിൽ പരിഗണിച്ച്
പദ്ധതി ആസൂത്രണത്തിൽ ഉൾപ്പെടുത്തുമെന്ന് സർക്കാർ. ജനങ്ങളുടെ ആവശ്യങ്ങൾ സമാഹരിച്ച് ലഭിക്കുന്ന വിവരങ്ങൾ ബഡ്ജറ്റ് തയ്യാറാക്കുന്നതിലേക്കും പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിലേക്കും പരിഗണിക്കുമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാലാണ് വ്യക്തമാക്കിയത്.
നവകേരള സദസ്സ് അപേക്ഷകൾ തീർപ്പാക്കൽ സംബന്ധിച്ച ഓൺലൈൻ യോഗത്തിൽ കാസർകോട് ജില്ലയിലെ പ്രവർത്തനങ്ങൾ വിലയിരുത്തയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നവകേരള സദസ്സിൽ വന്ന പൊതു ജനങ്ങളുടെ ആവശ്യങ്ങളും നിർദ്ദേശങ്ങളും മനസ്സിലാക്കി ഡാറ്റാബേസ് തയ്യാറാക്കിയാൽ വികസനാസൂത്രണത്തിന് സഹായകമാകുമെന്നും അഡി.ചീഫ് സെക്രട്ടറി വ്യക്തമാക്കി. സമയബന്ധിതമായി പരാതി തീർപ്പാക്കി റിപ്പോർട്ട് നൽകണമെന്ന് അദ്ദേഹം പറഞ്ഞു
നവകേരളസദസിൽ വന്ന അപേക്ഷകളിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്ന് പരമാവധി വേഗത്തിൽ തീർപ്പാക്കാൻ നടപടി സ്വീകരിച്ച് ക്രോഡീകരിച്ച വിവരങ്ങൾ അടുത്ത ദിവസം ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയങ്ങൾ തിരിച്ചുള്ള അപേക്ഷകളുടെ വിവരങ്ങൾ നൽകാനും കളക്ടർക്ക് നിർദ്ദേശം നൽകി.
ജില്ലാ കളക്ടർ കെ.ഇമ്പശേഖർ ജില്ലയിൽ നടന്ന പ്രവർത്തനങ്ങൾ വിവരിച്ചു. എ.ഡി.എം കെ.നവീൻ ബാബു, എൽ.എസ് ജി.ഡി ജോയിന്റ് ഡയറക്ടർ ജെയ്സൺ മാത്യു, ജില്ലാ പൊലീസ് മേധാവി പി.ബി.ജോയ് മറ്റ് ജില്ലാ തല ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ സംബന്ധിച്ചിരുന്നു.
അപേക്ഷകൾ തീർപ്പാക്കൽ ഊർജ്ജിതം
ഓൺലൈൻ യോഗത്തിന് ശേഷം കളക്ടർ ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ വിവിധ വകുപ്പുകളുടെ നവകേരള സദസ്സ് അപേക്ഷകളുമായി ബന്ധപ്പെട്ട് പ്രവർത്തന പുരോഗതി വിലയിരുത്തി. ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ എൽ.എസ്.ജി.ഡി, റവന്യൂ, ഭക്ഷ്യ പൊതുവിതരണം, ലൈഫ് മിഷൻ തുടങ്ങിയ വകുപ്പ് മേധാവികൾ യോഗത്തിൽ പങ്കെടുത്തു. അപേക്ഷകൾ സമയ ബന്ധിതമായി തീർപ്പാക്കാൻ വകുപ്പ് മേധാവികൾക്ക് കളക്ടർ കർശന നിർദ്ദേശങ്ങൾ നൽകി. വൈകീട്ട് വീണ്ടും യോഗം ചേർന്ന് പ്രവർത്തന പുരോഗതി വിലയിരുത്തി. അടുത്ത ദിവസം തന്നെ മുഴുവൻ അപേക്ഷകളും തീർപ്പാക്കണമെന്നാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ച നിർദ്ദേശം.
ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യുമ്പോൾ നവകേരളസദസിൽ ലഭിച്ച അപേക്ഷകളിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങൾ കൂടി പരിഗണിക്കേണ്ടതിനാൽ വിഷയം കൂടുതൽ ഗൗരവത്തോടെ കൈകാര്യം ചെയ്യണം. റവന്യൂ, തദ്ദേശ സ്വയംഭരണം പോലെ പൊതുജനങ്ങൾ താഴെത്തട്ടിൽ നേരിട്ട് ഇടപെടുന്ന വകുപ്പുകളിൽ അപേക്ഷകൾ തീർപ്പാക്കുന്നത് ത്വരിതപ്പെടുത്തണം-അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ