humen-rights

കാസർകോട് : കേരള ജല അതോറിറ്റിയിൽ കരാർ വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ വേതനത്തിൽ നിന്നും ജി.എസ്.ടി ഇനത്തിൽ അന്യായമായി വാങ്ങിയ തുക തിരികെ നൽകാൻ ജല അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം നൽകി. ജി.എസ്.ടി കമ്മീഷണർ കമ്മിഷനിൽ സമർപ്പിച്ച വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷൻ ആക്റ്റിംഗ് ചെയർപേഴ്സണും ജുഡീഷ്യൻ അംഗവുമായ കെ. ബൈജൂ നാഥിന്റെ ഉത്തരവ്.

ജല അതോറിറ്റി അധികൃതരെ ഇതു സംബന്ധിച്ച് ചർച്ചക്ക് വിളിച്ചെങ്കിലും ഹാജരാകാത്തതിനാൽ തീരുമാനമെടുക്കാൻ കഴിഞ്ഞില്ലെന്ന് ജില്ലാ ലേബർ ഓഫീസർ കമ്മിഷനെ അറിയിച്ചു. തുടർന്ന് ചരക്കു സേവന നികുതിവകുപ്പിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി.സർക്കാർ വകുപ്പുകൾക്കും അതോറിറ്റികൾക്കും നികുതിരഹിത സേവനമാണ് ജി.എസ്.ടി പട്ടികയിൽ ഉള്ളതെന്നു ജി.എസ്.ടി വകുപ്പ് അറിയിച്ചു.

നികുതിയില്ലാത്ത സേവനം

പമ്പ് ഓപറേറ്റിംഗ് ജോലി നികുതി ബാധ്യതയില്ലാത്ത സേവനമാണെന്ന് ജി.എസ്.ടി റിപ്പോർട്ടിൽ പറയുന്നുണ്ട്. കരാറുകാരാണ് തൊഴിലാളികൾക്ക് വേതനം നൽകുന്നത്. രണ്ട് ശതമാനം നികുതി പിടിച്ച ശേഷമാണ് കരാറുകാർക്ക് തുക നൽകുന്നതെന്ന് ജല അതോറിറ്റി റിപ്പോർട്ടിൽ പറഞ്ഞു. എക്സിക്യൂട്ടീവ് എൻജിനീയറുടെ വിശദീകരണം കേട്ട ശേഷമാണ് മനുഷ്യാവകാശകമ്മിഷൻ ഉത്തരവിട്ടത്.

വെട്ടിയെടുത്തപ്പോൾ കൂലി 75ശതമാനം

18 ശതമാനം ജി.എസ്.ടി, ഒരു ശതമാനം വീതം ഇൻകം ടാക്സും കരാറുകാരുടെ ക്ഷേമ വിഹിതവും 5 ശതമാനം കരാറുകാരുടെ വിഹിതവും പിടിച്ചെടുത്ത ശേഷം 75 ശതമാനം കൂലി മാത്രമാണ് 2022 ജനുവരി മുതൽ തൊഴിലാളികൾക്ക് നൽകുന്നതെന്ന് പരാതിയിൽ പറയുന്നു.നീലേശ്വരം സ്വദേശികളായ സുരേഷ് പുതിയേടത്ത്, ടി.വി.രവികുമാർ എന്നിവർ സമർപ്പിച്ച പരാതികളിലാണ് നടപടി. ജല അതോറിറ്റി കാസർകോട് പി.എച്ച് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർക്കാണ് ഉത്തരവ് നൽകിയത്.