garuda

പയ്യന്നൂർ: ഗുരുവായൂരമ്പലത്തിന്റെ കിഴക്കേനടയിൽ കാലപ്പഴക്കത്താൽ ജീർണ്ണിച്ച മഞ്ജുളാൽ പുതുക്കി പണിയുന്നതിന്റെ ഭാഗമായി വെങ്കലത്തിൽ ഒരുക്കുന്ന ഗരുഡ ശില്പത്തിന്റെ കളിമണ്ണ് രൂപം വിലയിരുത്താൻ ദേവസ്വം അധികൃതർ ശിൽപി ഉണ്ണികാനായിയുടെ പണിപ്പുരയിലെത്തി. ചെയർമാൻ ഡോ.വി.കെ.വിജയൻ, ക്ഷേത്രം തന്ത്രി ദിനേശൻ നമ്പൂതിരിപ്പാട് , അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, മെമ്പർമാരായ കെ.ആർ.ഗോപിനാഥൻ , സി മനോജ് , എക്സിക്യൂട്ടീവ് എൻജിനീയർ എം.കെ. അശോകൻ , സ്പോൺസർ വേണു കുന്നപ്പിള്ളി , ഉണ്ണി പാവറട്ടി, മൊട്ടമ്മൽ രാജൻ എന്നിവരാണ് എത്തിയത്. കളിമൺ രൂപം കണ്ട് സംഘം തൃപ്തി അറിയിച്ചു.

എട്ടടി ഉയരമുള്ള ഗരുഡ ശില്പത്തിന് 16 അടി വീതിയാണുള്ളത്. നാലു മാസം സമയമെടുത്ത് പൂർത്തിയാക്കിയ കളിമണ്ണ് ശില്പം മൂന്ന് മാസം കൊണ്ട് വെങ്കലത്തിൽ പൂർത്തിയാകുമെന്ന് ശിൽപി ഉണ്ണികാനായി പറഞ്ഞു.

പഴയ ഗരുഡ ശില്പത്തിന്റെ അതേ അളവിൽ തന്നെയാണ് പുതിയ ശില്പവും ഒരുക്കുന്നത്. ഗരുഡശില്പത്തിന് സമീപം പൂമാല എടുത്ത് നിൽക്കുന്ന കുട്ടിയായ മഞ്ജുളയുടെ ശില്പവും ഒരുക്കുന്നുണ്ട് . നിർമ്മാണം പൂർത്തിയായാൽ വെങ്കലത്തിൽ തീർക്കുന്ന ഏറ്റവും വലിയ ഗരുഡ ശിൽപമായിരിക്കുമെന്ന് ഉണ്ണികാനായി പറഞ്ഞു. ശില്പ നിർമ്മാണത്തിന്റെ സഹായികളായ സുരേഷ് അമ്മാനപ്പാറ, കെ.വിനേഷ് , ബാലൻ പാച്ചേനി, കെ.ബിജു , ടി.കെ.അഭിജിത്ത്, എ.അനുരാഗ് , ടി.കെ.അർജ്ജുൻ എന്നിവരും ഉണ്ടായിരുന്നു.