കേളകം: കേളകം - അടക്കാത്തോട്, കേളകം -പൂവത്തിൻചോല റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് സംയുക്ത ഓട്ടോറിക്ഷ തൊഴിലാളികളുടെ നേതൃത്വത്തിൽ 24 മണിക്കൂർ സൂചനാ പണിമുടക്കും ധർണയും സംഘടിപ്പിച്ചു. കേളകം അടക്കാത്തോട് ജംക്ഷനിൽ നടന്ന ധർണ ബേബി വരപ്പോത്തുകുഴി ഉദ്ഘാടനം ചെയ്തു. സി.വി. രാജേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മനു കളപ്പുരക്കൽ, സരസ കുമാർ, രാജു തോപ്പിൽ, സിനീഷ്, ജെയിംസ്, എം.കെ. ബിജു, കെ. ഭാസ്കരൻ എന്നിവർ സംസാരിച്ചു.
ജൽ ജീവൻ മിഷന്റെ കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി റോഡ് കുത്തിപ്പൊളിച്ചിട്ട് രണ്ട് വർഷത്തോളമായി. അന്നു മുതൽ തുടങ്ങിയതാണ് നാട്ടുകാരുടെ കഷ്ടപ്പാടുകൾ. പൈപ്പ് സ്ഥാപിച്ചെങ്കിലും കുത്തിപ്പൊളിച്ച റോഡിന്റെ പണികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ജലവകുപ്പ് വിമുഖത കാണിച്ചത് നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിനിടയാക്കിയിരുന്നു. കേളകം -അടക്കാത്തോട് റോഡ് രണ്ട് കിലോമീറ്റർ ദൂരം മെക്കാഡം ടാറിംഗ് നടത്തുന്നതിന് രണ്ട് കോടി രൂപ അനുവദിച്ചിട്ട് വർഷം രണ്ട് കഴിഞ്ഞെങ്കിലും പണികൾ നടത്താതെ കരാറുകാരനും പൊതുമരാമത്ത് വകുപ്പും ഒഴിഞ്ഞുമാറുകയാണ്. റോഡിലെ കുഴിയിൽ വീണ് ഗുരുതരമായി പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരിക്ക് ജീവൻ നഷ്ടപ്പെട്ടത് ഏതാനും നാളുകൾക്ക് മുമ്പാണ്.
റോഡുകളുടെ തകർച്ചമൂലം വാഹനങ്ങളുടെ റിപ്പയറിംഗിനും മറ്റുമായി വലിയൊരു തുക നീക്കിവെക്കേണ്ട അവസ്ഥയിലാണ് ഓട്ടോറിക്ഷ തൊഴിലാളികൾ. ഓട്ടോറിക്ഷ തൊഴിലാളികൾ കേളകത്ത് നടത്തിയ പണിമുടക്ക് പൂർണമായിരുന്നു. റോഡ് പ്രവൃത്തികൾ ആരംഭിക്കാത്ത പക്ഷം അനിശ്ചിതകാല സമരം നടത്തുമെന്നും ഓട്ടോറിക്ഷ തൊഴിലാളികൾ പറഞ്ഞു.
ഐക്യദാർഢ്യവുമായി
വ്യാപാരികൾ
കേളകത്തെ റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് സംയുക്ത ഓട്ടോറിക്ഷ തൊഴിലാളികൾ നടത്തിയ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേളകത്തെ വ്യാപാരികളും രംഗത്തെത്തി. ഭാരതീയ വ്യാപാരി വ്യവസായി സംഘം നേതാക്കളാണ് സമരത്തിന് പിന്തുണയുമായി എത്തിയത്. റോഡിന്റെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരവുമായി ഭാരതീയ വ്യാപാരി വ്യവസായി സംഘം കേളകം യൂണിറ്റും മുന്നിട്ടിറങ്ങുമെന്നും നേതാക്കൾ പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് രവീന്ദ്രൻ നായർ, ഇരിട്ടി താലൂക്ക് സെക്രട്ടറി ടിന്റോ ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.