കാഞ്ഞങ്ങാട്: മഴ പെയ്തതോടെ ബസ് സ്റ്റാൻഡ് ചെളിക്കുളമായി. ചെറുതും വലുതുമായ നൂറോളം കുഴികളാണ് കോട്ടച്ചേരി ബസ് സ്റ്റാൻഡ് യാർഡിൽ രൂപപ്പെട്ടത്. 200ൽപരം ബസുകൾ കയറിയിറങ്ങുന്നതാണ് കോട്ടച്ചേരി സ്റ്റാൻഡ്. യാർഡ് തകർന്നുവെങ്കിലും അത് അറ്റകുറ്റപ്പണി നടത്തി പൂർവ്വ സ്ഥിതിയിലാക്കാൻ നഗരസഭ ഇതുവരെയും തയ്യാറായിട്ടില്ല.
അതീവ ശ്രദ്ധയോടെ മാത്രമേ ബസിനും മറ്റും സ്റ്റാൻഡിൽ പ്രവേശിക്കാൻ കഴിയുന്നുള്ളൂ. ബസുകൾ കയറിയിറങ്ങുമ്പോൾ യാത്രക്കാരുടെ ദേഹത്ത് ചെളിവെള്ളം തെറിക്കാതിരിക്കാൻ ഡ്രൈവർമാർ പരമാവധി ശ്രമിക്കുന്നുണ്ട്. ഓഫീസുകളിലും ജോലിസ്ഥലത്തും പോകേണ്ട യാത്രക്കാരാണ് സ്റ്റാൻഡിൽ നിത്യവും എത്തുന്നത്. ഒന്നര വർഷം മുമ്പ് കോട്ടച്ചേരി ബസ് സ്റ്റാൻഡ് അടച്ചിടാനും ബസുകൾ ആലാമിപ്പള്ളി ബസ് സ്റ്റാൻഡിൽ പ്രവേശിക്കാനും നഗരസഭ നിർദ്ദേശിച്ചതാണ്. എന്നാൽ കോട്ടച്ചേരി ബസ് സ്റ്രാൻഡ് അടച്ചിട്ടതുമില്ല, അലാമിപ്പള്ളി ബസ് സ്റ്റാൻഡിൽ ബസുകൾ കയറിയതുമില്ല. ചെളിവെള്ളത്തിലൂടെ പോകുന്ന ബസുകളുടെ ലീഫിനും മറ്റും പെട്ടെന്ന് തേയ്മാനം സംഭവിക്കുന്നതായി ഡ്രൈവർമാർ പറയുന്നു. ഇതിന് ഉടമകളുടെ പഴി കേൾക്കേണ്ടതും ഡ്രൈവർമാരാണ്.
കാഞ്ഞങ്ങാടിന്റെ കണ്ണായ സ്ഥലത്താണ് കോട്ടച്ചേരി ബസ് സ്റ്റാൻഡ്. ബസുകൾ പുറത്തേക്കിറങ്ങുന്ന ഭാഗത്താണ് വലിയ കുഴി രൂപപ്പെട്ടിട്ടുള്ളത്. കോട്ടച്ചേരി ബസ് സ്റ്റാൻഡ് അടച്ചിടാനും ആലാമിപ്പള്ളി ബസ് സ്റ്റാൻഡിൽ ബസുകൾ പ്രവേശിക്കാനും നഗരസഭ എടുത്ത തീരുമാനം നടപ്പിലാകാത്തത് എന്താണെന്നതിനെ കുറിച്ച് അറിയില്ല. കോട്ടച്ചേരി സ്റ്റാൻഡിൽ പൊളിയാത്ത ഒരിടവുമില്ല. സ്വകാര്യ ബസുടമ എ.വി പ്രദീപ് കുമാർ