
കണ്ണൂർ:ക്ഷാമബത്ത കുടിശ്ശികയാക്കിയതിലും ശമ്പള പരിഷ്ക്കരണം തഴയുന്നതും ഉൾപ്പെടെയുള്ള നടപടികളിൽ പ്രതിഷേധിച്ച് നഴ്‌സുമാർ പ്രതിഷേധത്തിലേക്ക്.ശമ്പള പരിഷ്‌കരണ ഉത്തരവ് പ്രകാരമുള്ള അനുപാത അടിസ്ഥാനത്തിൽ നഴ്‌സിംഗ് തസ്തികകൾ പുനക്രമീകരണം നടത്തി പ്രമോഷൻ നടപ്പിലാക്കണമെന്ന ആവശ്യം ഇനിയും നടപ്പിലായിട്ടില്ലെന്നാണ് ആക്ഷേപം.
ആരോഗ്യവകുപ്പിൽ 2014ലാണ് അവസാനമായി തസ്തിക പുനക്രമീകരണം നടപ്പിലാക്കിയത്.തൊഴിൽ വകുപ്പിൽ 2007ലും. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ റേഷ്യോ പ്രമോഷൻ നടപ്പിലാക്കിയെങ്കിലും തസ്തിക പുനക്രമീകരണം നടത്താൻ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം.ആരോഗ്യ മേഖലയിൽ കുറെയേറെ തസ്തികകൾ പുതുതായി സൃഷ്ടിച്ചെങ്കിലും രോഗികളുടെ എണ്ണത്തിനനുസരിച്ച് നേഴ്‌സുമാരും ജീവനക്കാരും ഇല്ലാത്തത് ചികിത്സയെയും പരിചരണത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും ഇവർ പറഞ്ഞു.
താൽക്കാലിക നേഴ്‌സുമാരുടെ സേവനവേതന വ്യവസ്ഥകൾ പരിതാപകരമാണ് .താലൂക്ക് ആശുപത്രി മുതൽ താഴേക്കുള്ള ആശുപത്രികളിലെ നേഴ്‌സുമാരടക്കമുള്ള ജീവനക്കാർക്ക് 14 മണിക്കൂർ വരെ ജോലി ചെയ്യേണ്ട സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നുണ്ട് .കിടത്തി ചികിത്സയുള്ള എല്ലാ ആശുപത്രികളിലും എട്ട് മണിക്കൂർ ജോലി വ്യവസ്ഥ നടപ്പിലാക്കാൻ സർക്കാർ തയ്യാറാവണമെന്ന ആവശ്യവും നഴ്സുമാർ ഉന്നയിക്കുന്നുണ്ട്.
യോഗ്യത ഉയർത്തണം
നഴ്സിംഗ് മേഖലയിലെ ലോകവ്യാപകമായ മാറ്റങ്ങൾക്ക് അനുസൃതമായി സംസ്ഥാനവും മാറ്റങ്ങൾ ഉൾക്കൊള്ളണമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. നഴ്സിംഗ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ഡിഗ്രിയായി ഉയർത്തേണ്ടത് അനിവാര്യമാണ്. പോസ്റ്റ് ബേസിക് ബി.എസ്.സി നേഴ്‌സിംഗ് ഉപരിപഠനത്തിനുള്ള സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും സർവീസ് ക്വാട്ടയിൽ പ്രവേശനം ലഭിക്കുന്നവർക്ക് ഡെപ്യൂട്ടേഷൻ ആനുകൂല്യം പുനസ്ഥാപിക്കുകയും വേണം. നഴ്‌സ് പ്രാക്ടീഷണർ സംവിധാനം നടപ്പിലാക്കുന്നത് കൂടുതൽ വേഗത്തിൽ സേവനങ്ങൾ ലഭ്യമാക്കുന്നതിന് സഹായകരമാവും . ശബരിമല മണ്ഡലകാല ഉത്സവത്തോടനുബന്ധിച്ച് നഴ്‌സുമാർക്ക് തുടർച്ചയായ 14 ദിവസത്തെ സർവീസ് നൽകുന്നത് ഏഴ് ദിവസമായി കുറയ്ക്കണമെന്ന നിർദ്ദേശവും ആരോഗ്യവകുപ്പിന് മുന്നിൽ വെക്കുന്നുണ്ട്.
പരിഗണിക്കണം
കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക
ശമ്പള പരിഷ്‌കരണ കുടിശ്ശിക അനുവദിക്കുക
തസ്തിക പുനക്രമീകരണം
 നേഴ്‌സുമാരുടെ റേഷ്യോ പ്രൊമോഷൻ
രോഗികളുടെ എണ്ണത്തിനനുസരിച്ച് നേഴ്‌സുമാരുടേയും ജീവനക്കാരുടേയും തസ്തിക സൃഷ്ടിക്കുക,
താൽക്കാലിക നേഴ്‌സുമാരുടെ സേവനവേതന വ്യവസ്ഥകൾ ഏകീകരിക്കുക,
കുടിശ്ശിക ക്ഷാമബത്ത അനുവദിച്ച് ശമ്പള പരിഷ്ക്കരണം നടത്താൻ അധികൃതർ തയ്യാറാകണം.ഏറെ പ്രതിസന്ധികൾ നിറഞ്ഞ് മേഖലയാണ് നേഴ്സിംഗ് മേഖല.പല ആശുപത്രികളിലും മതിയായ നേഴ്സുമാരില്ലാത്ത സ്ഥിതിയാണ്.രോഗികളുടെ എണ്ണത്തിനനുസരിച്ച് നേഴ്‌സുമാരുടേയും ജീവനക്കാരുടേയും തസ്തിക സൃഷ്ടിക്കേണ്ടത് അനിവാര്യമാണ്
ടി .സുബ്രമണ്യൻ ,ജനറൽ സെക്രട്ടറി ,കേരള ഗവ. നഴ്‌സസ് അസോസിയേഷൻ