പയ്യന്നൂർ: വർഷങ്ങളായി ഇഴഞ്ഞു നീങ്ങുന്ന പുതിയ ബസ് സ്റ്രാൻഡ് യാഥാർത്ഥ്യമാക്കുന്നതിന് നഗരസഭാ യോഗ തീരുമാനം.

പ്രവൃത്തിയുടെ കരാർ അംഗീകൃത ഏജൻസിയായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് നൽകാൻ യോഗം അനുമതി നൽകി. പ്രവൃത്തിയുടെ അടങ്കൽ തുക അഞ്ചു കോടി രൂപയാണ്. ഇതിൽ 4.5 കോടി രൂപ ഹഡ്കോയിൽ നിന്ന് വായ്പ വാങ്ങുന്നതിന് സർക്കാരിൽ നിന്ന് അംഗീകാരം ലഭിക്കുന്നതിന് അപേക്ഷ സമർപ്പിക്കാനും തീരുമാനിച്ചു.

വായ്പ അനുവദിക്കുന്നതിലേക്ക് സാക്ഷ്യപത്രം അനുവദിക്കാൻ ഹഡ്കോക്ക് നേരത്തെ അപേക്ഷ സമർപ്പിച്ചിരുന്നു.

അതേ സമയം വർഷങ്ങളായി മുടങ്ങി കിടന്ന പുതിയ ബസ് സ്റ്റാൻഡ് നിർമ്മാണം ടെൻഡർ നടപടി സ്വീകരിക്കാതെ നേരിട്ട് ഊരാളുങ്കൽ സൊസെറ്റിക്ക് നൽകാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് യു.ഡി.എഫ്. കൗൺസിലർമാരായ കെ.കെ. ഫൽഗുനനും എ.രൂപേഷും ആവശ്യപ്പെട്ടു. നാലരകോടിയുടെ പദ്ധതി ഏൽപ്പിക്കുമ്പോൾ നടപടി ക്രമങ്ങൾ സുതാര്യമാകണമെന്നും ഇവർ പറഞ്ഞു. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ കെട്ടിടങ്ങൾ, റോഡുകൾ എന്നിവയുടെ ഡിജിറ്റൽ വിവരശേഖരണം നടത്തുന്നതിന് ജി.ഐ.എസ്. മാപ്പിംഗ് നടത്തുന്നതിന് ഊരാളുങ്കൽ സൊസൈറ്റി നൽകിയ പ്രൊപ്പോസൽ യോഗം ചർച്ച ചെയ്തു. കോറോം വ്യവസായ കേന്ദ്രത്തിലെ 20 പ്ലോട്ടുകൾ ലീസിനു നൽകുന്നതിനുള്ള നിയമാവലി പ്രസിദ്ധപ്പെടുത്താനും കെ.എസ്.എഫ്.സി. തീയേറ്റർ സമുച്ചയം നിർമിക്കാൻ ലീസിനെടുത്ത സ്ഥലത്തേക്ക് റോഡ് നിർമിക്കാനും തീരുമാനിച്ചു. യോഗത്തിൽ ചെയർപേഴ്സൺ കെ.വി.ലളിത അദ്ധ്യക്ഷത വഹിച്ചു.

മിനി ഹൈമാസ്റ്റുകൾക്ക് അനുമതി

രാജ്മോഹൻ ഉണ്ണിത്താൻ എം.പി.യുടെ പ്രാദേശിക ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി കണ്ടക്കോരൻ മുക്ക്, കാര തലിച്ചാലം വായനശാല പരിസരം, മുങ്ങം ജുമ മസ്ജിദ് പരിസരം, വാടിപ്പുറം കോളനി, കേളോത്ത് ജംഗ്ഷൻ കോളനി എന്നിവിടങ്ങളിൽ മിനി ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് കളക്ടർക്ക് സമ്മതപത്രം നൽകാൻ യോഗം അനുമതി നൽകി.