nadakam

നീലേശ്വരം: നിരവധി നാടകങ്ങൾക്ക് തട്ടകമൊരുക്കുകയും പ്രഗത്ഭ കലാകാരന്മാർക്ക് ജന്മം നൽകുകയും ചെയ്ത പട്ടേന ജനശക്തിയുടെ അരങ്ങിൽ പെൺകൂട്ടായ്മയുടെ നാടകം ഇന്ന് അരങ്ങിൽ. സമൂഹത്തിന്റെ വിലക്കുകൾ പൊട്ടിച്ചെറിഞ്ഞ് പുതിയ ആകാശങ്ങളിലേക്ക് കുതിക്കാൻ വെമ്പുന്ന പുതിയൊരു തലമുറയുടെ നേർക്കാഴ്ചയായാണ് പട്ടേന ജനശക്തി സാംസ്കാരികവേദിയുടെ വനിതാവിഭാഗം ഒരുക്കുന്ന 'ആകാശ പക്ഷികൾ" .

ജനശക്തി സാംസ്കാരിക വേദി വനിതാവേദിയുടെ പതിനഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് വനിതകൾ മാത്രം അരങ്ങിലെത്തുന്ന നാടകം ഒരുങ്ങുന്നത്. വീട്ടമ്മമാർ അംഗനവാടി വർക്കർമാർ, വിദ്യാർത്ഥികൾ ഉൾപ്പെടെ ഇതിലൂടെ അരങ്ങിൽ എത്തും. ദിജു ലാൽ രചനയും പ്രസാദ് കണ്ണോത്ത് സംവിധാനവും നിർവഹിക്കുന്ന നാടകത്തിന്റെ ദീപ നിയന്ത്രണം നടത്തുന്നത് പ്രശസ്ത നാടക സിനിമ പ്രവർത്തകൻ രവി പട്ടേനയാണ്. വാർത്തകളിലൂടെ മാത്രം അറിഞ്ഞ നാടിന് പുറത്തെവിടെയോ നടക്കുന്ന സംഭവങ്ങൾ സ്വന്തം വീട്ടുമുറ്റത്തുമെത്താൻ പോകുവെന്ന തിരിച്ചറിവാണ് നാടക പ്രമേയം.

അറുപതു പിന്നിട്ട കെ.കെ.സീതാദേവി, കെ.ശോഭന, അംഗനവാടി വർക്കർ പി.ഇ.സരസ്വതി, വിട്ടമ്മമാരായ കെ. ബാലാമണി, എം.ജയശ്രീ, ടി.വി.പ്രജീഷ, ശ്രീവിദ്യ പത്മനാഭൻ , പത്മ ഹരിന്ദ്രൻ , പി.മിഷ, വിദ്യാർത്ഥികളായ സ്നേഹാ എസ്.കുമാർ , ടി.ഹരിത, എസ്.എൻ.അദിത്യ എന്നിവരാണ് നാടകത്തിൽ വേഷമണിയുന്നത്. കലാസംവിധാനം നിർവഹിച്ചത് നിഖിലയും ജയദേവനുമാണ്.രാത്രി എട്ടുമണിക്കാണ് നാടകത്തിന്റെ അരങ്ങേറ്റം.