photo-1

സാമ്പത്തിക രൂക്ഷഫലങ്ങൾ നിയന്ത്രിക്കാൻ സാധിക്കും

കണ്ണൂർ‌: സ്വകാര്യ മേഖലകളെ കോർത്തിണക്കി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ കാൻസർ സെന്റർ ആരംഭിക്കുന്നതിനുള്ള നിർദേശം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് ലോകപ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ.എം.വി.പിള്ള പറഞ്ഞു. കണ്ണൂർ പ്രസ്ക്ലബ്ബിൽ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദഹം. ഇതുമായി ബന്ധപ്പെട്ട ചർച്ച നടന്നു വരികയാണ്.നേരത്തെ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയപ്പോൾ വളരെ മികച്ച പ്രതികരണമാണ് അദ്ദേഹത്തിൽ നിന്നും ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സ്വകാര്യ ആശുപത്രികളെയും മലബാർ കാൻസർ കെയർ സൊസൈറ്റി പോലുള്ള സ്ഥാപനങ്ങളെയും കോർത്തിണക്കിക്കൊണ്ട് സർക്കാർ നയിക്കുന്ന ഒരു പദ്ധതിയാണ് മുന്നോട്ട് വച്ചിട്ടുള്ളത്. കാൻസർ ചികിത്സയ്ക്ക് സാധരണക്കാർ നേരിടുന്ന സാമ്പത്തികമായ രൂക്ഷഫലങ്ങൾ തടയാനും ഇത് സഹായിക്കും.ആവശ്യമായ ജീവനക്കാരെയും മറ്റ് സംവിധാനങ്ങളും ഒരുക്കാൻ സ്വകാര്യ സ്ഥാപനങ്ങൾ സ്വമേധയാ തയ്യാറായി വന്നിട്ടുണ്ട്.സർക്കാരിന്റെ മേൽനോട്ടവും പിന്തുണയുമാണ് ആവശ്യം.ഇതിനാവശ്യമായ ഭൂമി ഉൾപ്പെടെ കണ്ടെത്താൻ സ്വകാര്യ സ്ഥാപനങ്ങൾ തയ്യാറാണ്.വരുന്ന 18 ന് ഇതുമായി ബന്ധപ്പെട്ട ഒരു യോഗം മുഖ്യമന്ത്രിയുമായി നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.കാൻസർ ആദ്യ ഘട്ടത്തിൽ തന്നെ കണ്ടെത്തി ആവശ്യമായ പരിരക്ഷ നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ശ്വാസകോശ,​സ്തനാർബുദം കൂടി;

ഗർഭാശയകാൻസർ കുറഞ്ഞു

കേരളത്തിൽ ശ്വാസകോശ അർബ്ബുദവും സ്ത്രീകളിൽ സ്താനാർബ്ബുദം വലിയ തോതിൽ വർദ്ധിച്ചു വരുന്നുണ്ടെന്നും ഡോ.എം.വി.പിള്ള ചൂണ്ടിക്കാട്ടി.ജീവിതശൈലിയുമായി ബന്ധപ്പെട്ട് ഫാസ്റ്റ് ഫുഡ് പോലുള്ള ഭക്ഷണവും ഇതിന് കാരണമാണ്.ഏ‌ർളി ഡിറ്റക്ഷനിലൂടെ സ്തനാർബ്ബുദം ചികിത്സിച്ച് ഭേദമാക്കാം.സ്ത്രീകൾക്ക് സ്വയം പരിശോധനയിലൂടെയും ഇടയ്ക്കിടെയുള്ള ചെക്കപ്പിലൂടെയും സ്തനാ‌ർബ്ബുദം നേരത്തെ കണ്ടെത്താം.

കഴിഞ്ഞ ഏഴ് വർഷമായി ഗർഭാശയ കാൻസർ വലിയ തോതിൽ കേരളത്തിൽ കുറഞ്ഞിട്ടുണ്ട്.ഉയർന്ന ആരോഗ്യ അവബോധം,കൃത്യമായ പരിശോധന,സമയബന്ധിതമായി ഗൈനക്കോളജിസ്റ്റിന്റെ സഹായം തേടൽ ഇതെല്ലാമാണ് ഇതിന് പിന്നിൽ.വായിലുള്ള കാൻസറും വൻ തോതിൽ കുറഞ്ഞിട്ടുണ്ട്.പുകവലിയിൽ നിന്നും വൻ തോതിൽ ആളുകൾ പുറകോട്ട് വലിഞ്ഞതും ഇതിന് കാരണമാണ്.പുകവലിക്കാത്തവരിൽ കാണപ്പെടുന്ന അഡിനോകാർസിനോമ എന്ന കാൻസർ ഇപ്പോൾ വർദ്ധിച്ചു വരുന്നുണ്ട്.ഏത് കാൻസറും തുടക്കത്തിൽ തന്നെ കണ്ടെത്താൻ കഴിഞ്ഞാൽ മുളയിലെ നുള്ളിക്കളയാം.കേരളത്തിലെ മിക്ക ആശുപത്രികളിലും കാൻസർ ചികിത്സയ്ക്കെത്തുന്നവർ മൂന്നും നാലും സ്റ്റേജ് പിന്നിട്ടവരാണെന്നതാണ് നി‌‌ർഭാഗ്യകരം.മികച്ച കാൻസർ കെയർ സ്ഥാപനങ്ങളും മികച്ച ഡോക്ടർമാരുടെ ടീമുമാണ് കേരളത്തിൽ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.