ഇരിട്ടി: ഇരിട്ടി നഗരത്തിൽ യാതൊരു വികസനവും നടക്കാത്ത നേരംപോക്ക് റോഡ് വികസിപ്പിക്കുന്നതിന് ഒറ്റക്കെട്ടായി രംഗത്തിറങ്ങാൻ നഗരസഭ വിളിച്ച് ചേർത്ത സർവ്വകക്ഷി യോഗം തീരുമാനിച്ചു. ഒരു നൂറ്റാണ്ടിന്റെ പഴക്കമുള്ള റോഡാണിത്. മണിക്കൂറുകൾ ഗതാഗതക്കുരുക്കിൽ പെടേണ്ടി വരുന്ന അവസ്ഥയാണ് പലപ്പോഴും.
നേരംപോക്ക് റോഡ് വീതി കൂട്ടി നവീകരിക്കണമെന്ന ആവശ്യത്തിന് അരനൂറ്റാണ്ടിന്റെ പഴക്കമുണ്ട്. റോഡിലെ കെട്ടിടങ്ങളും വ്യാപാര സ്ഥാപനങ്ങളും മിക്കതും കാലപ്പഴക്കമുള്ളതാണ്. ഇത്തരം കടകളുടെ വരാന്ത വരെ ടാറിംഗ് നടത്തിയാണ് ഇപ്പോൾ റോഡിലൂടെ ഗതാഗതം സാധ്യമാക്കുന്നത്. താലൂക്ക് ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സിവിൽ സപ്ലൈസ് ഓഫീസ് , സബ് ട്രഷറി, വെയർ ഹൗസിംഗ് കോർപ്പറേഷൻ ഗോഡൗൺ, കീഴൂർ മഹാദേവ മഹാവിഷ്ണു ക്ഷേത്രങ്ങൾ എന്നിവയെല്ലാം ഈ റോഡിന്റെ ഭാഗമാണ് .അഗ്നിശമന നിലയിത്തിലെ വാഹനങ്ങൾ ഈ റോഡിൽ കൂടി പോകാൻ കഴിയാത്തെ ദുരിതം അനുഭവിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ജനകീയ കൂട്ടായ്മയോടെ വീതി വർദ്ധിപ്പിക്കാൻ നഗരസഭ മുന്നോട്ടു ഇറങ്ങിയത്.10 മീറ്റർ വീതിയിലേക്ക് റോഡ് സ്ഥലം ലഭ്യമാക്കാൻ ആണ് സർവ്വകക്ഷി യോഗത്തിൽ തീരുമാനിച്ചത്. ഇതിന് വേണ്ടി കെട്ടിട ഉടമകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും യോഗം വിളിച്ച് ചേർക്കും. നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത ചെയർമാനും മുൻ ചെയർമാൻ പി.പി അശോകൻ കൺവീനറായും കർമ്മസമിതി രൂപീകരിച്ചു. യോഗത്തിൽ കെ. ശ്രീലത അദ്ധ്യക്ഷത വഹിച്ചു.