
കണ്ണൂർ:വിജിൻ എം.എൽ.എയും ടൗൺ എസ്.ഐ പി.പി.ഷമീലും തമ്മിൽ കഴിഞ്ഞ ദിവസമുണ്ടായ വാക്ക് തർക്കത്തിൽ ഉന്നതതല അന്വേഷണത്തിന് തീരുമാനം.ഡിവൈ.എസ്.പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ അജിത്ത് കുമാർ വ്യക്തമാക്കി.അതെ സമയം സംഭവത്തിൽ ഉടൻ നടപടിയെടുക്കാൻ സാദ്ധ്യതയില്ലെന്നാണ് സൂചന.
വകുപ്പ് തലത്തിലുള്ള അന്വേഷണം പൂർത്തിയായായാൽ മാത്രമേ ടൗൺ എസ്.ഐക്കെതിരെ നടപടിക്ക് സാദ്ധ്യതയുള്ളു.ഒരു എം.എൽ.എയോട് പ്രോട്ടോകോൾ പ്രകാരം പെരുമാറേണ്ട രീതിയിലല്ല എസ്.ഐ പെരുമാറിയതെന്ന നിലപാടിലാണ് പൊലീസിലെ ഉന്നത ഉദ്യോസ്ഥർ .ഈ സാഹചര്യത്തിൽ നടപടിയുണ്ടാകുമെങ്കിലും തിടുക്കത്തിൽ ഉണ്ടാകില്ലെന്നാണ് സൂചന.
ഇക്കാര്യത്തിൽ സി.പി.എം കടുത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.വിജിൻ എം.എൽ.എ.യുടെ ഭാഗത്ത് തെറ്റൊന്നും സംഭവിച്ചിട്ടില്ലെന്ന നിലപാടിലാണ് സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജനും ഇടതുമുന്നണി കണവീനർ ഇ.പി.ജയരാജൻ ഉൾപ്പെടെയുള്ള നേതാക്കൾ.പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ച്ചയാണ് സംഭവത്തിന് പിന്നില്ലെന്ന് നേതാക്കൾ ആരോപിച്ചു.വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവ. നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കണ്ണൂർ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിനിടെയാണ് എസ്.ഐയും എം.എൽ.എയും തമ്മിൽ വാക്കേറ്റമുണ്ടായത്.കളക്ടറേറ്റിന് ഉള്ളിലേക്ക് പ്രവേശിച്ചതിന് പൊലീസ് വിജിൻ എം.എൽ.എയെ ഒഴിവാക്കി സമരം ചെയ്ത നൂറു പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.