
പരപ്പ : മുണ്ടിയാനം ശ്രീ വിഷ്ണു മൂർത്തി ദേവസ്ഥാനത്ത് ഏപ്രിൽ 6,7 തിയ്യതികളിൽ നടക്കുന്ന ഒറ്റക്കോല മഹോത്സവത്തിന്റെ ഭാഗമായി നാൾ മരം മുറിക്കൽ ചടങ്ങ് നടന്നു. തിരുവായുധക്കാരനും ക്ഷേത്ര കർമ്മികളും, കോലധാരികളും സംഘാടക സമിതി അംഗങ്ങളും ഭക്ത ജനങ്ങളും ആലവട്ടം, വെൺചാമരം, മുത്തുകുട എന്നിവയുടെ അകമ്പടിയോടു കൂടിയാണ് നാൾ മരം മുറിക്കാൻ എത്തിയത്.വിശ്വകർമ്മ ഷാജി, കലശക്കാരൻ ശ്രീധരൻ എന്നിവർ ചേർന്ന് നാൾ മരം മുറിച്ചിട്ടു.തുടർന്ന് അവിടെ സന്നിഹിതരായ മുഴുവൻ ആളുകളും ചേർന്ന് വൃക്ഷ ശിഖരങ്ങൾ എടുത്ത് ആർപ്പുവിളികളോടെ ക്ഷേത്ര വയലിൽ എത്തിച്ചു. തിരുവായുധ ക്കാരന്റെ അരുളപ്പാടിന് ശേഷം ചടങ്ങ് അവസാനിച്ചു.തുടർന്ന് അന്നദാനവും ഉണ്ടായിരുന്നു.47 വർഷങ്ങൾക്ക് ശേഷമാണ് പരപ്പ മുണ്ടിയാനം ശ്രീ വിഷ്ണു മൂർത്തി ദേവസ്ഥാനത്ത് ഒറ്റക്കോല മഹോത്സവം നടക്കുന്നത്.