
കാസർകോട്: ദേശീയപാതകളുമായി ബന്ധപ്പെട്ട ഒൻപത് പദ്ധതികളുടെ തറക്കല്ലിടൽ കാസർകോട്ടും മൂന്നു പാതകളുടെ സമർപ്പണം മൂന്നാറിലും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ഓൺലൈനായി നിർവഹിച്ചു. കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ, സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് എന്നിവരും ഓൺലൈനായി പങ്കെടുത്തു.
സ്ഥലം ഏറ്റെടുപ്പിന് കാര്യക്ഷമമായി പ്രവർത്തിച്ച മുഖ്യമന്ത്രി പിണറായി വിജയനെയും പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസിനെയും കേന്ദ്രമന്ത്രി അഭിനന്ദിച്ചു. ദേശീയപാതയുടെ ഭാഗമായി വരുന്ന മുംബയ് -കന്യാകുമാരി ഇടനാഴി കേരളത്തിന് വലിയ ഗുണം ചെയ്യുമെന്ന് ഗഡ്കരി പറഞ്ഞു.
വികസന പദ്ധതികൾ നടപ്പിലാക്കുന്നതിൽ നല്ല കാഴ്ചപ്പാടുകൾ അവതരിപ്പിക്കുന്ന കേന്ദ്ര മന്ത്രി നിതിൻ ഗഡ്ഗരിയെ മന്ത്രി റിയാസ് അഭിനന്ദിച്ചു. ഒരു ടീമായി നമുക്ക് മുന്നോട്ടു പോകാമെന്നും അഭിപ്രായപ്പെട്ടു. അതേസമയം, വികസനത്തിനായി കൂട്ടായി മുന്നോട്ടു പോകുമ്പോൾ രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ അതിന് 'അള്ള്' വെക്കുന്ന പണി ചിലർ നിർത്തണമെന്നും ആവശ്യപ്പെട്ടു.
കേരളത്തിന്റെ വികസനകുതിപ്പിന് അടിത്തറയാകുന്ന പദ്ധതികൾ പൂർത്തിയാക്കാൻ എല്ലാ പിന്തുണയും നൽകിക്കൊണ്ടിരിക്കുന്ന പ്രധാനമന്ത്രിക്കും ഉപരിതല ഗതാഗത മന്ത്രിക്കും നന്ദി രേഖപ്പെടുത്തുകയാണെന്ന് കേന്ദ്രസഹമന്ത്രി വി.മുരളീധരൻ പറഞ്ഞു.
തിരുവനന്തപുരം ഈഞ്ചയ്ക്കലിന് സമീപം നാലുവരി മേൽപ്പാലം, തിരുവല്ലം ജംഗ്ഷന് സമീപം സർവീസ് റോഡ് പാലം, ആനയറയ്ക്ക് സമീപം നാലുവരി അടിപ്പാത, മണ്ണയ്ക്കൽ ജംഗ്ഷന് സമീപം മേൽപ്പാത, വാളയാർ-വടക്കാഞ്ചേരി റൂട്ടിൽ മൂന്ന് ആറുവരി അടിപ്പാതകൾ, തൃശൂർ -വടക്കാഞ്ചേരി റൂട്ടിൽ മൂന്ന് ആറുവരി അടിപ്പാതകൾ, തൃശൂർ-ഇടപ്പള്ളി റൂട്ടിൽ മൂന്ന് ആറുവരി അടിപ്പാതകൾ എന്നീ പദ്ധതികളുടെ തറക്കല്ലിടലാണ് നിതിൻ ഗഡ്കരി നിർവഹിച്ചത്.
ഇടുക്കിയിലെ ചെറുതോണിപ്പുഴയ്ക്ക് കുറുകേ പാലം നിർമ്മാണം, ബോഡിമെട്ട്-മൂന്നാർ സെക്ഷനിലെ റോഡ് വികസനം, നാട്ടുകൽ- താണാവ് സെക്ഷക്ഷനിലെ റോഡ് വികസനവും മൂന്നാറിൽ സംഘടിപ്പിച്ച ചടങ്ങിൽ ഓൺലൈനായി നിതിൻ ഗഡ്കരി നിർവഹിച്ചു.