
കണ്ണൂർ:മൂന്ന് മാസത്തെ ശമ്പളം ലഭിക്കാതെ കൈത്തറി വികസന കോർപ്പറേഷൻ (ഹാന്റ് വീവ്) ജീവനക്കാർ.നെയ്ത്ത് തൊഴിലാളികൾക്ക് ആറ് മാസത്തെ കൂലിയും ലഭിച്ചിട്ടില്ല.ജില്ലയിൽ നാൽപതിനടുത്ത് ജീവനക്കാരും ആയിരത്തോളം നെയ്ത്ത് തൊഴിലാളികളുമാണ് കടുത്ത പ്രതിസന്ധി നേരിടുന്നത്.ഇതിന് പുറമെ 2021 ൽ വിരമിച്ച ജീവനക്കാർക്ക് വിരമിക്കൽ ആനുകൂല്യവും ലഭ്യമായിട്ടില്ല.
അഞ്ച് കോടി രൂപയോളമാണ് വിരമിച്ച ജീവനക്കാർക്ക് സർക്കാർ നൽകാനുള്ളത്.സംസ്ഥാനത്ത് 170 ജീവനക്കാരും 2000 നെയ്ത്ത് തൊഴിലാളികളുമാണ് മൂന്ന് മാസമായി കടുത്ത അവഗണന നേരിടുന്നത്.ശമ്പളം മുടങ്ങിയതിനെ കുറിച്ച് സി.ഐ.ടിയുവിന്റെ നേതൃത്വത്തിൽ നവകേരളസദസിൽ പരാതി നൽകിയിരുന്നു.നേരത്തെയും രണ്ട് മാസം കൂടുമ്പോഴായിരുന്നു ശമ്പളം ലഭിച്ചിരുന്നത്.എന്നാൽ ഇപ്പോൾ തുടർച്ചയായ മൂന്നുമാസം ശമ്പളമില്ലാത്തത് ജീവനക്കാരെയും നെയ്ത്ത് തൊഴിലാളികളെയും ഒരു പോലെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്.
ആഭ്യന്തര ഉത്പാദനം കുറഞ്ഞു
നിലവിൽ കൈത്തറി വികസന കോർപ്പറേഷനിൽ ആഭ്യന്തര ഉത്പ്പാദനം കാര്യമായി നടക്കുന്നില്ലെന്നാണ് ആക്ഷേപം.വ്യവസായത്തെ സംരക്ഷിക്കാൻ സർക്കാർ നടപ്പിലാക്കിയ സൗജന്യ യൂണിഫോം പദ്ധതി മാത്രമാണ് ആകെയുള്ളത്. മീറ്ററിന് 4.50 രൂപയാണ് വില.ദിവസം 5 മുതൽ 7 മീറ്റർ തുണിയാണ് ഓരോ തൊഴിലാളിയും നെയ്യുന്നത്.ചിലവ് നോക്കുമ്പോൾ ഇതും നഷ്ടമാണെന്ന് തൊഴിലാളികൾ പറഞ്ഞു.ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി നടത്തിയ പഠനത്തിൽ സൗജന്യ യൂണിഫോം പദ്ധതി കേരളത്തിലെ കൈത്തറി തൊഴിലാളികളിൽ സംതൃപ്തിയും സന്തോഷവുമുണ്ടാക്കിയെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ നിലവിൽ പദ്ധതി തൊഴിലാളികൾക്ക് തീർത്തും നിരാശജനകമാണ് .പദ്ധതിയിലൂടെ നേരത്തെ തൊഴിലാളികൾക്ക് തൊഴിൽ ഉറപ്പാക്കാൻ സാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ കൂലി ലഭിക്കാതായതോടെ തൊഴിലാളികൾ ജോലി ഉപേക്ഷിച്ചു പോകുന്ന സാഹചര്യമാണ്.പ്രത്യേക പാക്കേജുകൾ പ്രഖ്യാപിച്ചും കുടിശിക അനുവദിച്ചും വെട്ടിക്കുറച്ച തുക പുനഃസ്ഥാപിച്ച് വിതരണം ചെയ്തും മാത്രമേ കൈത്തറി വ്യവസായം നിലനിർത്താൻ സാധിക്കുകയുള്ളുവെന്നാണ് തൊഴിലാളികൾ പറയുന്നത്.
പ്രതിസന്ധിയിലും അനധികൃത നിയമനം
സ്ഥാപനം പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുമ്പോഴും കോർപ്പറേഷൻ അനധികൃത നിയമനത്തിന് ഒരുങ്ങുകയാണെന്നാണ് ആക്ഷേപം.2020 മുതൽ ഘട്ടങ്ങളായി മൂന്ന് തസ്തികകൾ സൃഷ്ടിക്കുന്നതിനുള്ള നീക്കമാണ് നടക്കുന്നത്.ഇതിന്റെ ഭാഗമായി ഡെപ്യൂട്ടി മാർക്കറ്റിംഗ് മാനേജർ തസ്തിക നിലവിലുണ്ട്.തുടർന്ന് ഒരു ലെയ്മ്പൺ ഓഫീസർ ഒരു ഐ.ടി വിദഗ്ധൻ എന്നീ തസ്തികകളാണ് പുതുതായി സൃഷ്ടിക്കുന്നത്.ഇതിനെതിരെ ഒരു വിഭാഗം ജീവനക്കാർ എതിർപ്പുമായി രംഗത്തുണ്ട്.