
കൊല്ലം: കൃഷ്ണനുണ്ണിയുടെ നെറുകയിൽ കൈവച്ച് അനുഗ്രഹിച്ചപ്പോൾ കല പകർന്ന തലമുറ ബന്ധത്തിന്റെ ഊഷ്മളതയാണ് ഗുരു കെ.പി.ശശികുമാർ നീലേശ്വരം അനുഭവിച്ചത്. പിന്നിട്ട നല്ലൊരു കാലത്തെ കുറിച്ചുള്ള ഓർമകൾ അപ്പോൾ ഡോ.ശ്രീഹരിയുടെ കണ്ണുകൾ ഈറനണിയിച്ചു. ഇന്നലെ ഹൈസ്‌കൂൾ വിഭാഗം മോണോ ആക്ട് വേദിക്കരികിലായിരുന്നു ഈ വികാര നിമിഷങ്ങൾ.
1995ൽ കോട്ടയത്തു നടന്ന സംസ്ഥാന കലോത്സവത്തിലെ കലാപ്രതിഭ ഡോ.ജി.കെ.ശ്രീഹരിയുടെ മകനാണ് കൃഷ്ണനുണ്ണി. അന്ന് മോണോ ആക്ടിൽ ശ്രീഹരിയുടെ ഗുരുവായിരുന്ന കെ.പി.ശശികുമാറാണ് കൃഷ്ണനുണ്ണിയുടെയും ഗുരു. കാലങ്ങൾക്കു ശേഷം അതേ ഗുരുവിനൊപ്പം കലോത്സവ വേദിയിൽ ഒരുമിച്ചു വരാൻ സാധിച്ചതിലെ സന്തോഷം ഡോ.ശ്രീഹരിയും പങ്കുവച്ചു.1991ലെ കാസർകോട് കലോത്സവത്തിലായിരുന്നു ശ്രീഹരി ആദ്യം മത്സരിച്ചത്. ആറാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അത്.നാടോടി നൃത്തം, മോണോ ആക്ട്, മോഹിനിയാട്ടം എന്നിവയിൽ ശ്രീഹരി കാസർകോട് ജില്ലയെ പ്രതിനിധീകരിച്ചു. വേദിയിൽ കയറി കർട്ടൻ ഉയർന്നപ്പോൾ വലിയ സ്റ്റേജും വലിയ പ്രേക്ഷകരെയും കണ്ടു അമ്പരന്നുവെന്ന് ശ്രീഹരി ഓർക്കുന്നു. ഭരതനാട്യം, കുച്ചിപ്പുഡി, നാടോടി നൃത്തം,മോഹിനിയാട്ടം, ചാക്യാർകൂത്ത്,മോണോ ആക്ട്, പ്രച്ഛന്ന വേഷം എന്നീ 7 ഇനങ്ങളിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടി. 55 പോയിന്റോടെ കലാപ്രതിഭയായി. ഡോക്ടറായി ജോലി ചെയ്യുമ്പോഴും കലയോടുളള കമ്പം വിട്ടില്ല. ഭാര്യ ഡോ.അശ്വതിയും ഹരിയോടൊപ്പം പൊതുവേദികളിൽ നൃത്തം ചെയ്യാറുണ്ട്. പത്തനം തിട്ട കുളനട മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ ഡോക്ടറാണ് ശ്രീഹരി. മകൻ കൃഷ്ണനുണ്ണി കിടങ്ങൂർ എസ്.വി.ജി.വി.എച്ച്.എസ്.എസിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.കൃഷ്ണനുണ്ണിയുടെ അനിയത്തി കൃഷ്ണവേണിയും നൃത്തം അഭ്യസിക്കുന്നുണ്ട്.