തളിപ്പറമ്പ്: ദേശീയപാത വികസനത്തിന്റെ ഭാഗമായി സ്ഥാപിച്ച റോഡിലെ ഇരുമ്പ് കമ്പി ജീവന് ഭീഷണിയായി. കമ്പിയിൽ തട്ടി കമിഴ്ന്നടിച്ച് കുഴിയിൽ വീണ് രണ്ട് സ്ത്രീകൾക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെയായിരുന്നു അപകടം.
കാൽനട യാത്രികരായ തളിയിലിലെ എം.എം. അനിത, കുഴിച്ചാലിലെ ലളിത എന്നിവർക്കാണ് ധർമ്മശാല ജംഗ്ഷനിലുണ്ടായ അപകടത്തിൽ സാരമായി പരിക്കേറ്റത്. കണ്ണൂരിൽ നിന്ന് ബസിൽ ധർമ്മശാലയിലിറങ്ങിയ ഇരുവരും റോഡ് മുറിച്ചുകടന്ന് പറശ്ശിനിക്കടവ് റോഡ് ജംഗ്ഷനിലെത്തിയതായിരുന്നു. ഇതിനിടെ റോഡിൽ മണ്ണിനുമുകളിലായി മൂടാതെ കിടന്ന വാർക്ക കമ്പി കളിൽ തട്ടി ഇരുവരും തെറിച്ചുവീഴുകയായിരുന്നു.
തൊട്ടടുത്ത ചെളിനിറഞ്ഞ കുഴിയിലേക്കാണ് വീണത്. ലളിതയുടെ കാലിൽ കമ്പി കുത്തിക്കയറുകയും ചെയ്തു. ആസമയം അതിലെ പോയ ലോറിക്കടിയിൽ ഇവർ പെട്ടുപോകാതിരുന്നത് തലനാരിഴയ്ക്കാണ്. ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. ദേശീയപാത നിർമ്മാണ കരാർ കമ്പനിയുടെ അനാസ്ഥയാണ് അപകടം വരുത്തിവെച്ചതെന്ന് നാട്ടുകാർ ആരോപിക്കുന്നു.