kannur-medical-collage

ഹൃദയശസ്ത്രക്രിയയ്ക്ക് ബുക്ക് ചെയ്ത് കാത്തിരിക്കുന്നത് 200 പേർ

പരിയാരം: ഹൃദയശസ്ത്രക്രിയയ്ക്ക് പേരുകേട്ട കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ ബൈപ്പാസ് ശസ്ത്രക്രിയകൾ മുടങ്ങിയിട്ട് ഒരാഴ്ച്ച പിന്നിട്ടു. സർജ്ജന്മാരിൽ ഒരാൾ സ്ഥലംമാറിപ്പോകുകയും മറ്റൊരാൾ മാസങ്ങളായി ലീവിലായതുമാണ് സർജറികൾ മുടങ്ങാൻ കാരണം. ചുരുക്കം ചില ആൻജിയോപ്ലാസ്റ്റികളും ആൻജിയോഗ്രാമും മാത്രമാണ് നടക്കുന്നത്. ഇരുന്നൂറു പേർ ബൈപ്പാസ് സർജ്ജറികൾക്ക് രജിസ്റ്റർചെയ്ത് കാത്തിരിക്കുമ്പോഴാണിത്.

പുതിയ ഡോക്ടർമാരെ നിയമിക്കാതെ ശസ്ത്രക്രിയകൾ ആരംഭിക്കാൻ കഴിയില്ല. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകൾക്കായുള്ള ബൈപ്പാസ് സർജറി നടക്കുന്ന ഏക സർക്കാർ മെഡിക്കൽ കോളേജാണ് പരിയാരത്തേത്. മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയകൾ മുടങ്ങിയത് സ്വകാര്യ ആശുപത്രികൾക്ക് ചാകരയായി മാറിയിട്ടുണ്ട്. കാരുണ്യആരോഗ്യ ഇൻഷൂറൻസ് പദ്ധതികൾ ഉള്ളത്കാരണം നൂറുകണക്കിനാളുകളാണ് കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ ചികിത്സ തേടി എത്തുന്നത്. ഇൻഷൂറൻസ് പദ്ധതികൾ ഇല്ലാത്തവർക്ക്‌പോലും താങ്ങാനാവുന്ന ചെലവ് മാത്രമേ ഇവിടെ ബൈപ്പാസ് ശസ്ത്രക്രിയകൾക്ക് വേണ്ടി വരുന്നുള്ളു.

ഒഴിവ് കാർഡിയോളജിയിൽ ഒതുങ്ങുന്നില്ല

കാർഡിയോളജി വിഭാഗത്തിന് പുറമെ ന്യൂറോ സർജറി, പ്ലാസ്റ്റിക്ക് സർജറി, യൂറോളജി, ഗ്യാസ്‌ട്രോ എന്നീ വിഭാഗങ്ങളിലും ഡോക്ടർമാരില്ലാത്തത് ചികിത്സ മുടങ്ങാൻ ഇടയാക്കിയിട്ടുണ്ട്.

അറ്റകുറ്റപ്പണിക്ക് അടച്ചിടും

പരിയാരം: കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ നടന്നുവരുന്ന നവീകരണം പൂർത്തിയാക്കാനായി പ്രധാനപ്പെട്ട പല വിഭാഗങ്ങളും അടച്ചിടുമെന്ന് മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു. ഈ വർഷം മാർച്ച് 31 ന് മുമ്പായി എല്ലാ പ്രവൃത്തികൾ പൂർത്തീകരിക്കേണ്ടതിനാൽ ഇത് ഒഴിവാക്കാനാവില്ല. ഓപ്പറേഷൻ തിയേറ്ററുകൾ, അത്യാഹിതവിഭാഗം, കാഷ്വാലിറ്റി, വിവിധ ഐ.സി.യു വിഭാഗങ്ങൾ എന്നിവ നവീകരണത്തിനായി പൂർണമായി തന്നെ അടച്ചിടാനാണ് നിർദ്ദേശം.എന്നാൽ ബദൽ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നാണ് വിവരം. ഇതിന് മുമ്പ് രാഷ്ട്രീയ കക്ഷികളുടെ വിപുലമായ ആലോചനായോഗം വിളിച്ചുകൂട്ടും. കാർഡിയോളജി വിഭാഗത്തിലെ ഐ.സി.യുവിൽ അനുഭവപ്പെട്ട ചോർച്ച ഉൾപ്പെടെ നവീകരണ പ്രവൃത്തികളുടെ ഭാഗമായി പരിഹരിക്കേണ്ടതുണ്ട്. മാർച്ച് 31 നകം പ്രവൃത്തികളെല്ലാം പൂർത്തിയാക്കേണ്ടതുണ്ടെന്ന് സൂപ്രണ്ട് വ്യക്തമാക്കി.