yoga

പ്രവൃത്തി ആറുമാസത്തിനകം ആരംഭിക്കുമെന്ന് കേന്ദ്ര യോഗ ആൻഡ് നാച്ചുറോപ്പതി ഡയറക്ടർ

നീലേശ്വരം: കിനാനൂർ കരിന്തളം പഞ്ചായത്തിൽ വടക്കൻ കേരളത്തി​ന് മുതൽകൂട്ടാവുന്ന കേന്ദ്ര യോഗപ്രകൃതിഗവേഷണ ചികിത്സ കേന്ദ്രത്തിന്റെ പദ്ധതിപ്രദേശം സന്ദർശിച്ച് കേന്ദ്ര സംഘം.ആറ് മാസത്തിനകം പദ്ധതി പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് സംഘത്തെ നയിച്ച കേന്ദ്ര യോഗ ആൻഡ് നാച്ചുറോപ്പതി ഡയറക്ടർ ഡോക്ടർ രാഘവേന്ദ്ര റാവു ഉറപ്പ് നൽകി.

കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക് തറക്കല്ലിട്ട പദ്ധതിക്ക് ഇതിനകം ധനകാര്യ വകുപ്പിന്റെ അനുമതി ലഭിച്ചുകഴിഞ്ഞു. ആദ്യഘട്ടമായി 98 കോടി അനുവദിച്ചതായും ഡയരക്ടർ പറഞ്ഞു ആദ്യഘട്ടത്തിൽ രണ്ട് നിലകളുള്ള കെട്ടിടമാണ് പണിയുന്നതെന്നും സംഘം വ്യക്തമാക്കി.

ഡയറക്ടർക്കൊപ്പം മുൻ എം.പി പി.കരുണാകരൻ, പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി, വൈസ് പ്രസിഡന്റ് ടി.പി. ശാന്ത, അഡ്വ.കെ.കെ.നാരായണൻ, ഉമേശൻ വേളൂർ, എസ്.കെ.ചന്ദ്രൻ വി.സി.പത്മനാഭൻ, അഡ്വ.കെ. രാജഗോപാൽ, പഞ്ചായത്ത് അംഗങ്ങങ്ങളായ മനോജ് തോമസ്, അബ്ദുൾ നാസർ, ബിന്ദു, രമ്യ, സന്ധ്യ തുടങ്ങിയവരും ഒപ്പം ഉണ്ടായിരുന്നു.

സംസ്ഥാനസർക്കാർ കൈമാറിയത് 15 ഏക്കർ

കരിന്തളം തോളേനി മുത്തപ്പൻ മടത്തിന് സമീപത്താണ് ആധുനിക രീതിയിലുള്ള യോഗ പ്രകൃതി ചികിത്സ ഗവേഷണ സ്ഥാപനം സ്ഥാപിക്കുന്നത്. 15 ഏക്കർ സ്ഥലം സംസ്ഥാന സർക്കാർ 30 വർഷത്തേക്കാണ് കൈമാറിയിരിക്കുന്നത്.

ഏഴ് ആയുഷ് പദ്ധതികളിൽ ഒന്ന്

കേന്ദ്ര ആയുഷ് മന്ത്രാലയമാണ് രാജ്യത്തെ ഏഴ് പദ്ധതികളിൽ ഒന്ന് ജില്ലയിലെ കരിന്തളത്ത് അനുവദിച്ചത്.ആയുർവേദം, യുനാനി, ഹോമിയോ, യോഗപ്രകൃതിചികിത്സാ കേന്ദ്രങ്ങൾ ഇവിടെയുണ്ടാവും.

നൂറ് കിടക്കകളോടുകൂടിയ ആശുപത്രി സമുച്ചയം ഇതോടനുബന്ധിച്ച് നിലവിൽ വരും.

ആദ്യ നരേന്ദ്രമോദി സർക്കാരിന്റെ കാലത്ത് 2019 ഫെബ്രുവരി മൂന്നിന് കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി ശ്രീപദ് നായിക്കാണ് സ്വപ്നപദ്ധതിക്ക് തറക്കല്ലിട്ടത്.സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ.ശൈലജയും ചടങ്ങിൽ പങ്കെടുത്തിരുന്നു.പദ്ധതി ഇടക്കാലത്ത് നിശ്ചലമായ ഘട്ടത്തിൽ കേരളകൗമുദി നിരവധി തവണ സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു.