കണ്ണൂർ: ശിവഗിരി മഠം പ്രസിഡന്റായതിനുശേഷം ആദ്യമായി തളാപ്പ് ശ്രീസുന്ദരേശ്വര ക്ഷേത്രത്തിലെത്തിയ സ്വാമി സച്ചിദാനന്ദയെ ഭക്തിസംവർദ്ധിനി യോഗത്തിന്റെ ആഭിമുഖ്യത്തിൽ ക്ഷേത്രം ശാന്തി വി.കെ. സുരേഷ് പൂർണകുംഭം നൽകി സ്വീകരിച്ചു. ഭക്തിസംവർദ്ധിനി യോഗം പ്രസിഡന്റ് കെ.പി. ബാലകൃഷ്ണൻ, സെക്രട്ടറി കെ.പി. പവിത്രൻ, വൈസ് പ്രസിഡന്റ് ടി.കെ. രാജേന്ദ്രൻ എന്നിവരും ഭക്തജനങ്ങളും സംബന്ധിച്ചു.
തുടർന്ന് നടന്ന ശ്രീനാരായണ സാംസ്കാരിക സമിതി ചാരിറ്റബിൾ ട്രസ്റ്റ് ആൻഡ് ശ്രീനാരായണ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് കുടുംബയോഗത്തിൽ സ്വാമി മുഖ്യപ്രഭാഷണം നടത്തി. ശ്രീനാരായണഗുരു സാമൂഹിക പരിഷ്കർത്താവ് മാത്രമല്ലെന്നും ആദ്ധ്യാത്മികരംഗത്ത് ആളുകളെ ഏറെ സ്വാധീനിച്ച സന്യാസിശ്രേഷ്ഠനാണെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. വാഗ്ഭടാനന്ദനും ഗുരുവും തമ്മിലുള്ള സംഭാഷണങ്ങളെക്കുറിച്ചും സ്വാമി വിവരിച്ചു. കെ.പി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ടി.കെ. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി. പവിത്രൻ സമാദരണം നടത്തി. സ്വീകരണ യോഗത്തിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.