
കൊല്ലം: കലയുടെ ദൈവഭൂമിയാണ് സിസ്റ്റർ സുദീപയ്ക്ക് കലോത്സ വേദി. കോട്ടയം പ്ലാശനാൽ സെന്റ് .ആന്റണീസ് എച്ച്.എസ്.എസിലെ മലയാളം
അദ്ധ്യാപികയായ സിസ്റ്റർ നല്ലൊരു കലാകാരിയും. ഹൈസ്കൂൾ വിഭാഗം മിമിക്രിയിൽ മത്സരിക്കാൻ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിലായി സിസ്റ്റർ പരിശീലിപ്പിച്ച രണ്ടു കുട്ടികളുണ്ടായിരുന്നു. '' ഞാൻ കൂടുതലും കേൾക്കാൻ ശ്രമിക്കുന്നൊരാളാണ്. പ്രകൃതിയെ സന്തോഷങ്ങളെ, വേദനകളെ. അതുകൊണ്ട് അത് എനിക്ക് വ്യക്തമായി മറ്റൊരാൾക്കേ പറഞ്ഞുകൊടുക്കാൻ സാധിക്കുന്നു. ശിരോവസ്ത്രം ഒന്നുകൂടി തലയിൽ ചേർത്തുറപ്പിച്ച ശേഷം സിസ്റ്റർ പറഞ്ഞു.'
കുട്ടികളെ പാട്ടുപടിപ്പിച്ചും നൃത്തച്ചുവടുകൾ പറഞ്ഞു കൊടുത്തും മിമിക്രി അഭ്യസിച്ചും തന്റെ കുട്ടിക്കാലം തിരികെ പിടിക്കുകയാണ് സിസ്റ്റർ. കർത്താവിന്റെ പണവാട്ടിയാകുമ്പോഴും കല ഉപേക്ഷിക്കാൻ ആരും നിർബന്ധിച്ചുമില്ല. വേദിയിൽ ചിലങ്കയണിയാൻ സിസ്റ്റർ മോഹിച്ചിരുന്നു. മിമിക്രിയിലെ ശിഷ്യർക്ക് ചിലങ്കയുടെ ശബ്ദം അഭ്യസിപ്പിക്കുമ്പോൾ ആ സ്വപ്നത്തിന്റെ താളം ഉള്ളിൽ മുഴങ്ങിും. ചെറുപ്രായത്തിൽ നാട്ടിലെ കലാവേദികളിൽ പട്ടുവസ്ത്രം ധരിച്ച കണ്ണെഴുതി പൊട്ടുതൊട്ട് കണ്ണാടിയിൽ നോക്കി രസിച്ച കാലം അപ്പോഴൊക്കെയും ഓർമയിൽ തെളിഞ്ഞു.
പ്രകൃതിയിലെ ജീവന്റെ തുടിപ്പുകളും സംഗീതോപകരണങ്ങളുടെ ഈണവും താവളവുമാണ് പ്ലാശനാൽ സ്കൂളിലെ അതുൽ സോജനെയും മുത്തോലി സെന്റ് ജോസഫ് എച്ച്.എസ്.എസിലെ ജൂബിറ്റ് ജിജോയെയും പരിശീലിപ്പിച്ചത്. എന്നാൽ മിമിക്രിയിലെ പുതിയ ട്രെന്റുകൾക്ക് മുന്നിൽ സാമ്പ്രദായികമായ ഈ നമ്പറുകൾ മാത്രം മതിയാകുമായരുന്നില്ല. അതിനാൽ ഡി.ജെ. അടക്കം പുതിയ നമ്പറുകളും ഉൾപ്പെടുത്തി. അതൊക്കെയും കലോത്സവ വേദികളിൽ നിന്ന് കേട്ട് മനസ്സിലാക്കിയതാണ് . പുത്തൻ നമ്പരുകൾക്കായി യു ട്യൂബിന്റെ സഹായവും തേടാറുണ്ട്.