അഴീക്കോട്: ആധി-വ്യാധിയിൽ നിന്നും മോചിപ്പിച്ച് സ്വസ്ഥമായ സമൂഹം സൃഷ്ടിക്കാൻ യോഗ വഴി സാധിക്കുമെന്ന് പതഞ്ജലി യോഗ ട്രെയിനിംഗ് ആൻഡ് റിസർച്ച് സെന്റർ സംസ്ഥാന ഡയറക്ടർ കൈതപ്രം വാസുദേവൻ നമ്പൂതിരി പറഞ്ഞു. സെന്ററും
അഗസ്ത്യ യോഗ കളരി കേന്ദ്രയും സംയുക്തമായി മണൽ പള്ളിയാംമൂലയിൽ സംഘടിപ്പിച്ച കണ്ണൂർ ജില്ലാ യോഗ സമ്മേളൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ യോഗ ഗുരു രമേശ് അദ്ധ്യക്ഷത വഹിച്ചു. അരനൂറ്റാണ്ടുകാലമായി കളരി, യോഗാ, കരാട്ടെ രംഗത്തെ ആചാര്യനായി പ്രവർത്തിക്കുന്ന പ്രഭാകരൻ നാമത് ഗുരുക്കളെ ആദരിച്ചു, ചന്തേര മാഷ് സ്മാരക സംഘവഴക്ക ഗവേഷണ പീഠം ഡയറക്ടർ ഡോ. സഞ്ജീവൻ അഴീക്കോട്, ദുർഗാംബിക വിദ്യാനികേതൻ പ്രിൻസിപ്പൽ വിനി സായി, ദ്രോണാ അക്കാഡമി ട്രെയിനർ ലതീഷ് കമൽ, കൈവല്ല്യാശ്രമം അജയൻ തുടങ്ങിയവർ പ്രസംഗിച്ചു. കൈതപ്രം വാസുദേവൻ നമ്പൂതിരി ചിട്ടപ്പെടുത്തിയ ലളിതമായ യോഗപാഠ്യപദ്ധതി ചടങ്ങിൽ വിശദീകരിച്ചു. യോഗപ്രദർശനവുമുണ്ടായി.