hostel
ഗുരു വനത്ത് ഒരുങ്ങുന്ന യൂത്ത് ഹോസ്റ്റൽ കെട്ടിടം

നിലേശ്വരം: സംസ്ഥാന സർക്കാർ 3.27 കോടി രൂപ ചിലവിൽ ഗുരുവനത്ത് സ്ഥാപിക്കുന്ന യൂത്ത് ഹോസ്റ്റലിന്റെ നിർമ്മാണം പുരോഗമിക്കുന്നു. ഇ. ചന്ദ്രശേഖരൻ റവന്യൂ മന്ത്രിയായിരിക്കെയാണ് പുതുക്കൈ വില്ലേജിൽ യൂത്ത് ഹോസ്റ്റൽ അനുവദിച്ചത്. അദ്ദേഹത്തിന്റെ ശ്രമഫലമായി ഗുരുവനം നിത്യാനന്ദാശ്രമത്തിന് സമീപം നിർദ്ദിഷ്ട വ്യവസായ പാർക്കിന്റെ കവാടത്തിനരികിലായി 54 സെന്റ് സ്ഥലവും അനുവദിച്ചു. ഇവിടെയാണ് ഹോസ്റ്റൽനിർമ്മാണം പുരോഗമിക്കുന്നത്.

യുവാക്കൾക്ക് താമസിക്കാനും സ്റ്റുഡന്റ് പൊലീസ്, എൻ.എസ്.എസ്, എസ്.എസ്.എ തുടങ്ങി സംരംഭ പരിശീലന ക്യാമ്പുകളും മറ്റു പരിപാടികളും ചുരുങ്ങിയ ചിലവിൽ സംഘടിപ്പിക്കാനും സ്ഥലസൗകര്യം ഏർപ്പെടുത്തുകയെന്നതാണ് യൂത്ത് ഹോസ്റ്റൽ കൊണ്ട് ലക്ഷ്യമിടുന്നത്. അമ്പതോളം പേർക്ക് താമസിക്കാൻ ഡോർമെറ്ററി സൗകര്യം, മീറ്റിംഗ് ഹാൾ, അടുക്കള എന്നിവയും ഉണ്ടാകും.

സംസ്ഥാന സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന യൂത്ത് ഹോസ്റ്റലിന്റെ നടത്തിപ്പ് ചുമതല ആർക്കാണെന്ന് നിശ്ചയിച്ചിട്ടില്ല. നിർമ്മാണം പൂർത്തീകരിച്ചു കഴിഞ്ഞാൽ നടത്തിപ്പ് ചുമതല ആർക്ക് നൽകണമെന്നതുൾപ്പടെ തീരുമാനിക്കുമെന്ന് ഇ. ചന്ദ്രശേഖരൻ എം.എൽ.എ പറഞ്ഞു. കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിൽ നിന്ന് അഞ്ചു കിലോമീറ്ററും നീലേശ്വരം ബസ് സ്റ്റാൻഡിൽ നിന്ന് ആറ് കിലോമീറ്ററും ദൂരത്ത് കുന്നിൻ മുകളിൽ പ്രകൃതിരമണീയമായ സ്ഥലത്താണ് ഹോസ്റ്റൽ നിർമ്മിക്കുന്നത്. തൊട്ടടുത്താണ് വിദേശികൾ ഉൾപ്പെടെ സന്ദർശനത്തിനെത്തുന്ന ഗുരുവനം നിത്യാനന്ദാശ്രമം.