kadha

കൊല്ലം: കത്തിക്കാളിയ വെയിലിനെ നനയിച്ച് മഴയങ്ങ് പെയ്തിറങ്ങി, കഥാ പ്രസംഗത്തിൽ കഥയ്ക്കിടെയുള്ള പാട്ടുപോലെ. പക്ഷേ, പ്രകൃതിയുടെ മാറ്റമൊന്നും സദസ് ശ്രദ്ധിച്ചില്ല. കഥയൊഴുക്കിന്റെ നടുവിലായിരുന്നു അവർ.

ആധുനിക കഥാപ്രസംഗകലയുടെ ശില്പിയായി അറിയപ്പെടുന്ന വി.സാംബശിവന്റെ ജന്മനാടാണ് കൊല്ലം. കഥാപ്രസംഗ കലയുടെ ശതാബ്ദി വർഷം കൂടിയാണ് 2024. ആദ്യ കഥാപ്രസംഗ കഥയായ ചണ്ഡാലഭിക്ഷുകിയുടെ രചയിതാവ് മഹാകവി കുമാരനാശാന്റെ സ്മാരകത്തിൽ നിന്ന് ലഭിച്ച ഒരു കസ്തൂരി ചെമ്പകത്തൈ, സാംബശിവന്റെ സ്മാരക മുറ്റത്ത് നട്ടുകൊണ്ടാണ് ശതാബ്ദി ആഘോഷത്തിന് തുടക്കം കുറിച്ചത്. ആ മരം വളരും പോലെ ഇനിയും ഈ കല വളർന്നു പന്തലിക്കുമെന്ന പ്രതീക്ഷയാണ് സംസ്ഥാന സ്​കൂൾ കലോത്സവം പകർന്നത്.
സാംബശിവന്റെ പേരിലൊരുക്കിയ വേദിയിലായിരുന്നു ഹയ ർസെക്കൻഡറി വിഭാഗം കഥാപ്രസംഗ മത്സരം. മിക്ക ടീമുകളുടെയും പ്രകടനം മികച്ച നിലവാരം പുലർത്തിയെന്ന് വിധികർത്താക്കൾ. ജനങ്ങളുടെ ആസ്വാദന മണ്ഡലത്തിൽ നിന്ന് പതിയെ അകലുന്ന കഥാപ്രസംഗ കലയുടെ പുനരുജ്ജീവനത്തിന് സർക്കാരിന്റെ ഇടപെടൽ തേടുകയാണ് അവശേഷിക്കുന്ന കാഥികർ.
ശ്രീനാരായണ ഗുരുദേവന്റെ ആശിർവാദവും മാർഗ നിർദേശവും സ്വീകരിച്ചാണ് കഥാപ്രസംഗ കല പിറവികൊണ്ടത്. 1924ൽ ഗുരുദേവന്റെ ശിഷ്യൻ സി.എ.സത്യദേവൻ മഹാകവി കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി അവതരിപ്പിച്ചതാണ് ആദ്യ കഥാപ്രസംഗം.
ഗുരുദേവ ദർശനങ്ങളുടെ പ്രചാരണം ആദ്യകാലത്ത് കഥാപ്രസംഗകല ധർമ്മമായി ഏറ്റെടുത്തു. കൊല്ലം ജില്ലയെ പ്രതിനിധീകരിച്ചെത്തിയ പത്തനാപുരം സെന്റ് സ്റ്റീഫൻസ് എച്ച്.എസ്.എസ് വിദ്യാർത്ഥികൾ അവതരിപ്പിച്ച കഥയിൽ മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന ഗുരുദേവ ദർശനം നിറഞ്ഞുനിന്നത് പ്രത്യേകതയായി. പി.കേശവദേവിന്റെ ഗുസ്തി എന്ന കഥയാണ് ഗുരുദേവ ദർശനത്തിന്റെ അകമ്പടിയോടെ സ്‌​നേഹ തോമസ് പറഞ്ഞത്.


ഇതൊരു നിയോഗം
കഥാപ്രസംഗത്തിന്റെ നൂറാം വാർഷികത്തിൽ കലോത്സവം കൊല്ലത്തെത്തിയത് ഒരു നിയോഗമാണെന്ന് സാംബശിവന്റെ മകനും കാഥികനുമായ ഡോ. വസന്തകുമാർ സാംബശിവൻ. കഥാപ്രസംഗം ഇന്നും ശക്തമായ കലയായി നിലനിൽക്കുന്നു എന്നതിന് തെളിവാണ് കലോത്സവങ്ങളിലെ മത്സരാർഥികളുടെ ബാഹുല്യം. കാണികളോട് മുഖാമുഖം സംസാരിക്കുന്ന കലയാണ് കഥാപ്രസംഗം. അതിന്റെ ശക്തി ഒരിക്കലും ചോരില്ല- അദ്ദേഹം പറഞ്ഞു.