
കണ്ണൂർ: സ്‌കൂളുകളിൽ നിന്ന് രാത്രികാല വിനോദയാത്ര പാടില്ലെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് കാറ്റിൽ പറത്തി സ്കൂളുകളുടെയും കോളേജുകളുടെയും രാത്രി യാത്രകൾ തകൃതി. വിദ്യാർത്ഥികളുമായി വിനോദയാത്ര പോകുമ്പോൾ രാത്രിയാത്ര ഒഴിവാക്കണമെന്ന നിർദ്ദേശം പാലിക്കാൻ വിദ്യാഭ്യാസ വകുപ്പും കർശ്ശന നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ ഇതെല്ലാം ലംഘിച്ച് പലസ്കൂളുകളും ഇപ്പോഴും രാത്രിയാത്രകൾ നടത്തുന്നുവെന്നാണ് ആക്ഷേപം.
രാത്രി 9 മുതൽ രാവിലെ ആറു വരെയാണ് യാത്ര പാടില്ലെന്ന് നിഷ്‌കർഷിച്ചിരിക്കുന്നത്. ഇത് കൃത്യമായി പാലിക്കാൻ സ്‌കൂൾ അധികൃതർ തയാറാകണമെന്നും പ്രശ്നങ്ങൾ ഉണ്ടായാൽ സ്ഥാപനത്തിന്റെ തലവന്മാർ ഉത്തരവാദിത്വം പറയേണ്ടി വരുമെന്നും വിദ്യാഭ്യാസ മന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ മിക്ക സ്കൂൾ അധികൃതരും ഇത് ഗൗരവത്തോടെ എടുത്തിട്ടില്ല.
കൊവിഡ് ഭീതി ഒഴിഞ്ഞതിനുശേഷം 2022 നവംബർ മാസം മുതൽ സ്‌കൂളുകളിൽ നിന്നും വിനോദയാത്രകൾ സംഘടിപ്പിക്കുന്നുണ്ട്. മുമ്പ് എസ്.എസ്.എൽ.സി, പ്ലസ്ടു, ഏഴാംതരം എന്നീ ക്ലാസുകളിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയാണ് വിനോദയാത്രകൾ സംഘടിപ്പിച്ചതെങ്കിൽ ഇപ്പോൾ എല്ലാ ക്ലാസിലെയും വിദ്യാർത്ഥികളെയും ഉൾപ്പെടുത്തുന്നുണ്ട്. അതിനാൽ ഒരു സ്‌കൂളിൽ നിന്ന് തന്നെ തുടർച്ചയായി വിനോദ യാത്രകൾ സംഘടിപ്പിക്കുന്നുണ്ട്.
ഭൂരിഭാഗം സ്‌കൂൾ അധികൃതരും രാത്രിയിൽ പുറപ്പെട്ട് രാവിലെ സ്ഥലത്ത് എത്തിച്ചേരുന്ന തരത്തിലാണ് യാത്രകൾ ക്രമീകരിക്കുന്നത്. താമസത്തിനും മറ്റുമായി അധിക തുകയും കൂടുതൽ യാത്രാ ദിനങ്ങളും വേണമെന്ന കാരണമാണ് മിക്ക സ്‌കൂളുകളും രാത്രിയാത്ര തിരഞ്ഞെടുക്കാനുള്ള കാരണം.
കോളേജുകൾക്കും ഉത്തരവ് ബാധകമാണെങ്കിലും ഇത് പാടെ ലംഘിക്കുന്നത് പലപ്പോഴും കോളേജുകളിലെ വിനോദയാത്രകളിലാണെന്നാണ് ആക്ഷേപം. അനുവദനീയമല്ലാത്ത ശബ്ദ, വെളിച്ച സംവിധാനങ്ങൾ ഘടിപ്പിച്ച വാഹനങ്ങൾ യാത്രയ്ക്ക് ഉപയോഗിക്കാൻ അനുമതിയില്ലെങ്കിലും ഇതും കാറ്റിൽ പറത്തുകയാണ് പലരും. അരോചകമായ ശബ്ദവും എതിർ ദിശയിൽ വരുന്ന വാഹനങ്ങളെ വെട്ടിലാക്കുന്ന ലൈറ്റുകളുമുള്ള വാഹനങ്ങളിലാണ് മിക്ക സംഘങ്ങളുടെയും യാത്രകൾ.
യാത്രകൾ പഠനവുമായി
ബന്ധപ്പെട്ടാകണം
പഠനയാത്രകൾ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ടിട്ടുള്ളതാകണം. യാത്രയുടെ സമഗ്ര വിവരങ്ങളെക്കുറിച്ച് പ്രധാനാദ്ധ്യാപകന് കൃത്യമായ ബോധ്യമുണ്ടാവണം. വിദ്യാർത്ഥികൾക്കും ഇതുസംബന്ധിച്ച് മുൻകൂട്ടി അറിവ് നൽകണം അപകടകരമായ സ്ഥലങ്ങളിൽ യാത്ര പോകരുത്. ട്യൂഷൻ സെന്ററുകളിൽ നിന്ന് വിദ്യാർത്ഥികൾ വിനോദയാത്ര പോകുന്നതിന് ബാലാവകാശ കമ്മിഷനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള മാർഗനിർദേശങ്ങൾ ലംഘിച്ച് യാത്ര നടത്തുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.