
കാസർകോട്: കേരള ജല അതോറിറ്റിയിൽ 'ഏജൻസി ഭരണം'. നിയമനങ്ങൾ നൽകുന്നത് ഉന്നത ഉദ്യോഗസ്ഥരുടെ സ്വന്തക്കാരായ ഏജൻസികൾക്കും കരാറുകാരനും. പമ്പ് ഓപ്പറേറ്റർമാർ, മീറ്റർ റീഡർമാർ തുടങ്ങിയ തസ്തികയിലെ താൽക്കാലിക നിയമനങ്ങളും കരാർ നിയമനങ്ങളും നടത്തുന്നത് ഉദ്യോഗസ്ഥരിൽ നിന്നും മൊത്തമായി കരാർ കുത്തക ഏറ്റെടുത്ത കരാറുകാർ. പി.എസ്.സിയെയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെയും നോക്കുകുത്തിയാക്കിയാണ് ഈ നിയമനങ്ങളത്രയും.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ആയിരക്കണക്കിന് ആളുകൾ ഈ വിധം ഏജൻസി മുഖാന്തിരം ജല അതോറിറ്റിയിൽ ജോലി ചെയ്യുന്നുണ്ട്. കാസർകോട് ജില്ലയിൽ മാത്രം നൂറിലധികം പേരുണ്ട്. ജല അതോറിറ്റിയിൽ നിന്ന് മൊത്തം തൊഴിലാളികളുടെ എണ്ണം കണക്കാക്കി കരാർ ഏറ്റെടുക്കുകയാണ് ചെയ്യുന്നത്. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകുന്നത് കരാറുകാരനാണ്. അതിനാൽ സേവന വേതന വ്യവസ്ഥകളിൽ മാറ്റം വേണമെന്ന് പറയാനുള്ള അവകാശവും തൊഴിലാളികൾക്കില്ല. ടെൻഡർ വിളിച്ചു നൽകുന്ന കരാർ ജോലിയിലും തുച്ഛമായ വേതനമാണ് തൊഴിലാളികൾക്ക് കിട്ടുന്നത്.
ജി.എസ്.ടി കുരുക്കാകും
കരാറുകൾ പണിയെടുപ്പിക്കുന്നവരുമായി ജല അതോറിറ്റിക്ക് ബന്ധമില്ലെങ്കിലും അവർക്ക് ജി.എസ്.ടി ആനുകൂല്യങ്ങൾ അനുവദിക്കണമെന്ന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ് അതോറിറ്റിയിലെ ഉദ്യോഗസ്ഥർക്ക് പുലിവാലാകും. കരാർ വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ വേതനത്തിൽ നിന്നും ജി.എസ്.ടി ഇനത്തിൽ അന്യായമായി വാങ്ങിയ തുക തിരികെ നൽകാൻ ജല അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർക്ക് മനുഷ്യാവകാശ കമ്മിഷൻ നിർദ്ദേശം നൽകിയിരിക്കുകയാണ്. 18 ശതമാനം ജി.എസ്.ടി, ഒരു ശതമാനം വീതം ഇൻകം ടാക്സും കരാറുകാരുടെ ക്ഷേമ വിഹിതവും 5 ശതമാനം കരാറുകാരുടെ വിഹിതവും പിടിച്ചെടുത്ത ശേഷം 75 ശതമാനം കൂലി മാത്രമാണ് 2022 ജനുവരി മുതൽ തൊഴിലാളികൾക്ക് നൽകുന്നതെന്ന് പരാതിയിൽ പറയുന്നു. കമ്മിഷനിൽ ഹാജരാകാതെ മാറി നിന്നെങ്കിലും, ഉത്തരവ് നടപ്പാക്കാൻ തൊഴിലാളികളെ ജല അതോറിറ്റിക്ക് തങ്ങളുടെ ജീവനക്കാരായി അംഗീകരിക്കേണ്ടിവരും.
മീറ്റർ റീഡിംഗ് സ്വന്തം ഇഷ്ടപ്രകാരം
മീറ്റർ റീഡർമാർക്ക് അവരവരുടെ താത്‌പര്യപ്രകാരം കൂടുതൽ റീഡിംഗ്നടത്താം. ടാർജറ്റ് തികയ്ക്കാൻ കഴിയുന്നില്ലെങ്കിൽ അതിന് കാരണം കാണിക്കണം. നിലവിൽ ഗ്രാമപ്രദേശങ്ങളിൽ പ്രതിദിനം മുപ്പതും നഗര പ്രദേശങ്ങളിൽ നാൽപതും വീടുകളുടെ റീഡിംഗാണ് ഒരു ജീവനക്കാരൻ എടുക്കേണ്ടത്. പഞ്ചായത്ത് - 50, മുനിസിപ്പാലിറ്റി - 60, കോർപ്പറേഷൻ - 80 എന്ന തോതിൽ പ്രതിദിന റീഡിംഗ് നേരത്തേ ജല അതോറിറ്റി പുനർനിശ്ചയിച്ചിരുന്നു. ഇതിനെതിരെ ജീവനക്കാരുടെ സംഘടനകൾ പ്രതിഷേധവുമായി എത്തിയതോടെ മരവിപ്പിക്കുകയായിരുന്നു.