പഴയങ്ങാടി: പയ്യന്നൂരിൽ നിന്ന് പഴയങ്ങാടി വഴി കണ്ണൂരിലേക്കുള്ള കെ.എസ്.ആർ.ടി.സി ചെയിൻ സർവ്വീസ് പൂർണ്ണമായും നിലച്ചിട്ട് മൂന്നു വർഷം കഴിയുന്നു. ലാഭ നഷ്ടം നോക്കാതെ കഴിഞ്ഞ അഞ്ചു വർഷം മുമ്പ് തുടങ്ങിയ സർവ്വീസാണ് നിർത്തിവച്ചിരിക്കുന്നത്.
പയ്യന്നൂർ ഡിപ്പോയിൽ നിന്ന് 4 ഉം, കണ്ണൂരിൽ നിന്ന് 6ഉം ബസുകൾ ഉൾപ്പടെ 10 ബസുകളാണ് സർവ്വീസ് നടത്തിയിരുന്നത്. എന്നാൽ ജീവനക്കാരുടെ കുറവും, ബസ് സർവ്വീസ് നഷ്ടത്തിലാണെന്നും പറഞ്ഞ് ഘട്ടം ഘട്ടമായി സർവ്വീസുകൾ കൊവിഡ് ആരംഭിക്കുന്നതിന് മുൻപ് തന്നെ പിൻവലിക്കുകയായിരുന്നു.
ആദ്യത്തിലുള്ള 10 ബസിൽ നിന്ന് ഒരു ബസ്സായി ചുരുങ്ങി, പിന്നീട് അതും ഇല്ലാതായി. തിരുവനന്തപുരത്ത് നിന്ന് രാത്രി 11 മണിക്ക് കണ്ണൂരിൽ എത്തിചേരുന്ന ജനശദാബ്ദി ട്രെയിൻ യാത്രക്കാർക്കായി ആരംഭിച്ച കണ്ണൂർ -പഴയങ്ങാടി - പയ്യന്നൂർ -കാഞ്ഞങ്ങാട് സർവ്വീസ്, പയ്യന്നൂർ ഡിപ്പോയിൽ നിന്നും രാവിലെ 5 മണിക്ക് ആരംഭിച്ച് പഴയങ്ങാടി വഴി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ രാവിലെ 6 മണിക്ക് എത്തി ചേരുന്ന സർവ്വീസ് എന്നിവയും അടക്കമുള്ള ചെയിൻ സർവീസ് ആണ് നിർത്തിയത്.
ഗതാഗത വകുപ്പ് മന്ത്രിയായി ചുമതലയേറ്റ കെ.ബി ഗണേഷ് കുമാർ ഇക്കാര്യങ്ങളിൽ അനുകൂല നിലപാട് സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ഈ മേഖലയിലെ യാത്രക്കാർ.
ഗ്രാമീണ സർവീസുകൾ
ഒന്നാകെ നിലച്ചു
മാടായിക്കാവ്, കാസർകോട് സർവ്വീസ്, പഴയങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്നും രാവിലെ മാവേലി എക്സ്പ്രസ് ട്രെയിനിൽ എത്തി ചേരുന്നവർക്കു വേണ്ടി ആരംഭിച്ച സർവ്വീസ്, കൂടാതെ നിരവധിയായ ഗ്രാമീണ സർവ്വീസുകൾ ഉൾപ്പടെ നിർത്തലാക്കിയിരിക്കുകയാണ്. ഈ സർവ്വീസുകളെ ആശ്രയിക്കുന്ന നിരവധിയായ യാത്രക്കാർ ഏറെ ദുരിതത്തിലാണ്.
എം.എൽ.എ നല്കിയ നിവേദനമുണ്ട്
കണ്ണൂർ-പഴയങ്ങാടി-പിലാത്തറ- പയ്യന്നൂർ റൂട്ടിൽ നിർത്തലാക്കിയ മുഴുവൻ കെ.എസ്.ആർ.ടി സി ബസ് സർവീസുകളും പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് എം. വിജിൻ എം.എൽ.എ മുൻ ഗതാഗത മന്ത്രി ആന്റണി രാജുവിന് നിവേദനം നൽകിയെങ്കിലും ഡിപ്പോയിലെ ഉദ്യോഗസ്ഥർ മന്ത്രിയെ തെറ്റിധരിപ്പിച്ച് അട്ടിമറിച്ചതായി ആക്ഷേപമുണ്ട്.