കേളകം: അടക്കാത്തോട് രാമച്ചിയിൽ വീണ്ടും കാട്ടാനകളിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. രാമച്ചിയിലെ ഒരുകൂട്ടം യുവകർഷകർ ചേർന്ന് നടത്തിയ നേന്ത്രവാഴ കൃഷിയാണ് കാട്ടാനകൾ നശിപ്പിച്ചത്. നശിപ്പിച്ചതിലേറെയും കുലച്ചു തുടങ്ങിയ നേന്ത്രവാഴകളാണ്. ശനിയാഴ്ച രാത്രിയിൽ മാത്രം 500 ഓളം വഴകളാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. പല തവണയായി ആയിരത്തോളം വാഴകൾ ഇതിനോടകം നശിപ്പിച്ചതായി കർഷകർ പറയുന്നു.
പാട്ടത്തിനെടുത്ത കൃഷിഭൂമിയിൽ അനൂപ് കൊല്ലിയിൽ, സുമോദ് കുന്നത്ത്, പ്രവീൺ ദാസ്, മുത്ത് എന്നീ നാലു യുവാക്കൾ ചേർന്നാണ് നേന്ത്രവാഴ കൃഷി ആരംഭിച്ചത്. വായ്പയെടുത്താണ് കൃഷി ഇറക്കിയത്. വൻ സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ് ഈ യുവകർഷകർ.
വനത്തിൽ നിന്നും പുഴ കടന്ന് ജനവാസ കേന്ദ്രങ്ങളിലെത്തുന്ന കാട്ടാനകൾ രാത്രിയും പകലും ഒരു പോലെ ഭീതി വിതയ്ക്കുകയാണ്. ഇവയെ പ്രതിരോധിക്കാൻ മതിയായ സംവിധാനങ്ങളില്ലാത്തതിനാൽ കൃഷിയെ മാത്രം ആശ്രയിച്ചു കഴിയുന്ന കർഷകരുടെ ജീവിതം ദുരിതപൂർണമായിരിക്കുകയാണ്. വനാതിർത്തിയോട് ചേർന്നു കിടക്കുന്ന രാമച്ചി പോലുള്ള പ്രദേശങ്ങളിലാണ് കാട്ടാന ശല്യം രൂക്ഷമായി തുടരുന്നത്.കർഷകരുടെ ജീവനും കാർഷിക വിളകൾക്കും സംരക്ഷണം ലഭിക്കുന്നതിനായി വനാതിർത്തികളിൽ അടിയന്തരമായി ആനമതിൽ സ്ഥാപിക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.