jose

ആലക്കോട്: കൃഷിയിലെ തിരിച്ചടികളിൽ മനം മടുത്ത് മലയോരത്ത് വീണ്ടും കർഷക ആത്മഹത്യ. പാത്തൻപാറയ്ക്കടുത്തുള്ള നൂലിട്ടാമലയിലെ ഇടപ്പാറയ്ക്കൽ ജോസിനെ(63) ഇന്നലെ രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
കൃഷിചെയ്തും കൂലിപ്പണിയെടുത്തുമാണ് കുടുംബം പുലർത്തിയത്. രണ്ടു കിലോമീറ്റർ ദൂരെയുള്ള കരാമരംതട്ടിൽ സ്ഥലം പാട്ടത്തിനെടുത്ത് സ്ഥിരമായി ഏത്തവാഴകൃഷി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ വർഷം 2,500 ഏത്തവാഴകൾ കൃഷി ചെയ്തിരുന്നു. വന്യമൃഗ ശല്യവും പ്രതികൂല കാലാവസ്ഥയും മൂലം കാര്യമായ വരുമാനം ലഭിച്ചില്ല. സഹകരണ ബാങ്കിൽ നിന്നും സ്വാശ്രയ സംഘത്തിൽ നിന്നും എടുത്ത വായ്പകൾ ഇതുമൂലം തിരിച്ചടയ്ക്കാനായില്ല.

ഇന്നലെ രാവിലെ പാത്തൻപാറ സെന്റ് ആന്റണീസ് ദേവാലയത്തിൽ കുർബ്ബാനയിൽ പങ്കെടുത്തശേഷം സ്വാശ്രയ സംഘത്തിൽ ചെന്ന് കുറച്ചു പണം ലഭിക്കുമോയെന്ന് അന്വേഷിച്ചിരുന്നു. ക്രമമനുസരിച്ച് മറ്റൊരാൾക്ക് നൽകാൻ ധാരണയായെന്നും അദ്ദേഹത്തിന് സമ്മതമാണെങ്കിൽ വായ്പ നൽകാമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു. നിലവിലെ കുടിശ്ശികത്തുക അടയ്ക്കണമെന്നും അറിയിച്ചു. പണം എടുത്തു വരാമെന്ന് പറഞ്ഞു വീട്ടിലേയ്ക്ക് പോയ ജോസ്, ഏറെ നേരമായിട്ടും തിരിച്ചെത്തിയില്ല. വീട്ടിലെത്തി അന്വേഷിച്ചപ്പോൾ അവിടെയും കണ്ടില്ല. തുടർന്നുള്ള തെരച്ചിലിൽ തൊട്ടടുത്ത കൃഷിയിടത്തിലെ കൊക്കോ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
വർഷങ്ങൾക്കു മുമ്പ് കരാമരംതട്ടിൽ താമസം ആരംഭിച്ച ജോസ് അടുത്ത കാലത്താണ് നൂലിട്ടാമലയിൽ 10 സെന്റ് സ്ഥലം വാങ്ങി ചെറിയ വീടുവെച്ചത്. ഭാര്യ ലിസി ശ്വാസകോശ സംബന്ധമായ അസുഖത്തിന് വർഷങ്ങളായി ചികിത്സയിലാണ്. ആലക്കോട് പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്‌മോർട്ടത്തിനായി പരിയാരം ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേയ്ക്ക് മാറ്റി.
മക്കൾ: ജിജോ, ബിനു, ജോസിമോൾ. മരുമകൻ: ബോബി മാന്തറ, തേർത്തല്ലി (അദ്ധ്യാപകൻ, മദ്ധ്യപ്രദേശ്). സംസ്‌കാരം പിന്നീട്.