പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബൈപ്പാസ് ശസ്ത്രക്രിയകൾ മുടങ്ങി എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. കെ. സുദീപ് അറിയിച്ചു.
ഏറ്റവും ഒടുവിലെ തിയേറ്റർ ദിനമായ ജനുവരി 5നും രോഗി ബൈപ്പാസ് സർജറിക്ക് വിധേയനായിട്ടുണ്ട്. ഈ ഡിപ്പാർട്ട്മെന്റിൽ നിലവിൽ രണ്ട് ഡോക്ടർമാർ മുഴുവൻ സമയ ഡ്യൂട്ടിയിലുണ്ട്. സ്ഥാപനം സഹകരണ മേഖലയിലായിരുന്നപ്പോൾ പല അവസരങ്ങളിലും ഒരു ഡോക്ടർ മാത്രമാണ് ഈ വിഭാഗത്തിലുണ്ടായിരുന്നത്. അവധിയിലുള്ള ഒരു ഡോക്ടർ താമസിയാതെ ജോലിയിൽ പ്രവേശിക്കും.
നേരത്തെ തന്നെ തിരക്കേറിയ വിഭാഗമാണ് പരിയാരത്തെ കാർഡിയോളജി വിഭാഗം. സ്വകാര്യ ആശുപത്രികളിലെ ഭീമമായ ചികിത്സാ ചെലവ് കാരണവും കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ വിവിധ ചികിത്സാപദ്ധതികൾ പ്രകാരം മിക്കവാറും എല്ലാ രോഗികൾക്കും പരിപൂർണ്ണ സൗജന്യ ശസ്ത്രക്രിയ നടന്നു വരുന്നതിനാലും അഭൂതപൂർവ്വമായ തിരക്കാണ് ഈ വിഭാഗത്തിൽ ഇപ്പോൾ അനുഭവപ്പെടുന്നത്. കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്ന് കൂടാതെ വയനാട്, കോഴിക്കോട് ജില്ലകളിൽ നിന്നു പോലും രോഗികൾ എത്തുന്നുണ്ട്. ഇതിനാലുണ്ടാകുന്ന തിരക്ക് പരിഹരിക്കാനായി നടപടികൾ കൈക്കൊണ്ടു വരികയാണ്. കേരളത്തിലും ദേശീയ തലത്തിൽ പോലും ഏറ്റവും കൂടുതൽ ആൻജിയോഗ്രാം ആൻജിയോപ്ലാസ്റ്റികൾ നടന്നു വരുന്ന സ്ഥാപനമാണ് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹൃദയ ചികിത്സാ വിഭാഗം എന്നതും കാണണം. ശാസ്ത്രക്രിയ മുടങ്ങി എന്ന രീതിയിൽ തെറ്റിദ്ധാരണ പരത്തുമ്പോൾ, ബൈപാസ് സർജറിക്കായി സമീപദിവസങ്ങൾ അനുവദിച്ചവർ ഉൾപ്പടെയുള്ളവരിൽ ആശങ്കയുണ്ടാക്കാനേ അത്തരം വാർത്തകൾ സഹായിക്കൂ എന്ന് സൂപ്രണ്ട് ചൂണ്ടിക്കാട്ടി.