ചെറുവത്തൂർ: തിമിരി മഹാകവി കുട്ടമ്മത്ത് സ്മാരക ഹൈസ്കൂളിലെ 24 കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ. പിലിക്കോട് ഫാം കാർണിവൽ കാണാൻ പോയപ്പോൾ ഉപ്പിലിട്ട നെല്ലിക്ക കഴിച്ച കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയുണ്ടായതെന്ന് രക്ഷിതാക്കൾ സംശയം പ്രകടിപ്പിച്ചു. രണ്ട് വിദ്യാർത്ഥികളെ ഗുരുതര നിലയിൽ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മറ്റുള്ളവർ ചെറുവത്തൂർ വി.വി സ്മാരക ആശുപത്രിയിൽ ചികിത്സ തേടി. ഏതാനും വിദ്യാർത്ഥികൾ പ്രാഥമിക ചികിത്സകൾക്ക് ശേഷം വീടുകളിലേക്ക് പോയി. എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ശനിയാഴ്ചയാണ് കാർണിവലിൽ സന്ദർശനം നടത്തിയത്. വിന്നാഗിരിയും ഉപ്പും കലർത്തി ഭരണിയിലെ വെള്ളത്തിൽ സൂക്ഷിച്ചിരുന്ന നെല്ലിക്കയാണ് വിദ്യാർത്ഥികൾ കഴിച്ചിരുന്നത്. ഞായറാഴ്ചയാണ് കുട്ടികൾക്ക് ഛർദ്ദിയും വയറുവേദനയും ഉണ്ടായത്.

രക്ഷിതാക്കൾ ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പിലിക്കോട് കാർണിവൽ നഗരിയിൽ എത്തി പരിശോധന നടത്തുകയും നെല്ലിക്കയുടെ സാമ്പിൾ ശേഖരിച്ച് പരിശോധനക്ക് അയക്കുകയും ചെയ്തു. നെല്ലിക്ക കഴിച്ച കുട്ടികൾക്കാണ് അസ്വസ്ഥത ഉണ്ടായതെന്നും ഐസ് ക്രീം, വെള്ളം, മറ്റ് ആഹാര പദാർത്ഥങ്ങളൊന്നും കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ ഉണ്ടായില്ലെന്നും തിമിരി ഹൈസ്ക്കൂൾ പി.ടി.എ പ്രസിഡന്റ് നാരായണൻ പറഞ്ഞു. സ്കൂളിൽ നിന്ന് പോയ മറ്റു കുട്ടികൾക്കൊന്നും പ്രയാസം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കാർണിവലിനുള്ളിൽ വെച്ച് കഴിച്ച നെല്ലിക്കയാണ് കുട്ടികൾക്ക് അസ്വസ്ഥത ഉണ്ടാകാൻ കാരണമെന്ന് പറയാറായിട്ടില്ലെന്ന് പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടർ ഡോ.ടി. വനജ പറഞ്ഞു. ഏറ്റവും കൂടുതൽ സ്കൂൾ കുട്ടികൾ പ്രദർശനം കാണാൻ എത്തിയ ദിവസമാണ് ശനിയാഴ്ച. മറ്റ് സ്കൂൾ കുട്ടികൾ ആരും പരാതിപ്പെട്ടിട്ടില്ല. എങ്കിലും തിമിരി സ്കൂളിലെ കുട്ടികളുടെ രക്ഷിതാക്കൾ സംശയം പറഞ്ഞതിനാൽ നെല്ലിക്ക വില്പന നിർത്തി വെക്കുകയും മാറ്റാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. സാമ്പിൾ പരിശോധനക്ക് അയച്ചിട്ടുമുണ്ടെന്നും ഡോ.വനജ പറഞ്ഞു.