vyga

കൊല്ലം: ശക്തമായ ഒരു ജീവിതത്തിന്റെ ഭാരമുള്ള കഥയായിരുന്നു വൈഗ അവതരിപ്പിച്ചത്. ഇത്രയും വലിയ ഒരു ജീവിത കഥ എങ്ങനെ എടുത്തുയർത്തിയെന്ന പ്രശസ്ത കാഥികൻ വസന്ത കുമാർ സാംബശിവന്റെ ചോദ്യത്തിന് വിനയംപുരണ്ട ചിരിയായിരുന്നു വളർന്നുവരുന്ന ഈ വെയ്റ്റ്ലിഫ്റ്ററുടെ മറുപടി.

വെയ്റ്റ് ലിഫ്റ്റിംഗിൽ അണ്ടർ 17 ജൂണിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ സംസ്ഥാന ചാമ്പ്യനാണ് കണ്ണൂർ സെന്റ് തെരേസാസ് എച്ച്.എസ്.എസിലെ പത്താം ക്ലാസുകാരി വൈഗ രാജു. ബിഹാറിലെ പാടലിപുത്രയിൽ നാഷണൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കഥാ പ്രസംഗ മത്സരത്തിനെത്തിയത്. ആദ്യകാല നാടക നടി കെ.എൻ ലക്ഷ്മിയുടെ ജീവിത കഥയാണ് വേദിയിലെത്തിച്ചത്. മലയാള നാടകം പ്രൊഫഷണലായി തുടങ്ങിയ കാലത്തു തന്നെ ഒരു ദുരന്ത നായികയേയും നാടക രംഗത്തിനു കിട്ടിയിരുന്നു. നാടക നടി പള്ളുരുത്തി ലക്ഷ്മി. വേദികളിൽ ആടി പാടി അഭിനയിച്ചപ്പോൾ നാടക ലോകം ആ പേരൊന്നു പരിഷ്‌കരിച്ചു. കെ.എൻ.ലക്ഷ്മി കുയിൽനാദം ലക്ഷ്മിയായി. ചരിത്രത്താളിലൊന്നും ഇടം ലഭിക്കാതെ പോയ ആ കലാകാരിയുടെ ദുരന്ത ജീവിതം വൈഗ പറഞ്ഞതിനൊപ്പം ആദ്യകാല നാടകത്തിന്റെ ചരിത്രവും അനാവൃതമായി.
നാടകത്തെയും കഥാപ്രസംഗത്തെയും ഒരു പോലെ കോർത്തിണക്കിയ ശെവഗയെ അഭിനന്ദിക്കാനാണ് വസന്തകുമാർ സാംബശിവൻ അണിയറയിലെത്തിയത്. സാമൂഹ്യ ഉണർത്തുപാട്ടായി നിറഞ്ഞ രണ്ടു ജനകീയ കലകളുടെയും പ്രത്യേകതകളെ കുറിച്ച് അദ്ദേഹം കുട്ടികളോട് വാത്സല്യത്തോടെ സംസാരിച്ചു. കലയുടെ തലമുറകളിലൂടെ ഒഴുകിയ സ്നേഹപ്രവാഹമായി ആ സംഭാഷണം മാറി. 100 വയസ്സായ കഥാപ്രസംഗ കലയുടെ വളർച്ചയുടെ കഥ കേട്ടപ്പോഴാണ് തങ്ങൾ അഭ്യസിച്ച കലയുടെ ശക്തിയും സൗന്ദര്യവും ആഴവും വൈഗയുടെയും കൂട്ടുകാരുടെയും മനസ്സിൽ പതിഞ്ഞത്.വൈഗയോടും പിന്നണിക്കാരോടും ഈ കലയെ ജീവിതത്തിൽ എന്നും കൂടെ കൊണ്ടു നടക്കാനായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം.