
കണ്ണൂർ:രണ്ട് പതിറ്റാണ്ടിനു ശേഷം ജില്ലയിലേക്കെത്തിയ സംസ്ഥാന കലോത്സവത്തിലെ സ്വർണ്ണ കപ്പ് ജില്ലയെ ആവേശത്തിലാഴ്ത്തി. വാട്സ് ആപ്പ് സ്റ്റാറ്റസിലും അഭിവാദ്യം രേഖപ്പെടുത്തി നാട് ജയം ആഘോഷിച്ചപ്പോൾ പ്രതിഭകൾക്ക് ഉജ്വലമായ സ്വീകരണം നൽകാനുള്ള ഒരുക്കത്തിലാണ് ജില്ലാപഞ്ചായത്ത്.
ഇന്ന് ഉച്ചയ്ക്ക് മൂന്നിന് ജില്ലയുടെ അതിർത്തിയായ മാഹിയിൽ വച്ച് തുറന്ന വാഹനത്തിൽ സ്വർണ്ണകപ്പുമായിവരുന്ന പ്രതിഭകളെ കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്വീകരിക്കും.മാഹിയിൽ നിന്നും ആനയിച്ച് കണ്ണൂർ നഗരത്തിൽ വച്ച് എല്ലാ പ്രതിഭകളെയും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള സ്വീകരണപരിപാടിയാണ് ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്നത്.
952 പോയിന്റുമായാണ് കണ്ണൂർ സ്വർണക്കപ്പ് ഉയർത്തിയത്. മൂന്നു പോയിന്റിന്റെ വ്യത്യാസത്തിലാണ് നിലവിലുള്ള ജേതാക്കളും അയൽക്കാരുമായ കോഴിക്കോട് രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത്.
23 കൊല്ലത്തിന് ശേഷമാണ് കലോത്സവ കിരീടം കണ്ണൂരിലേക്ക് എത്തുന്നത്. 1997,98,2000 വർഷങ്ങളിലായിരുന്നു പഴയ നേട്ടം.മൂന്നാംസ്ഥാനവും മലബാറിന് തന്നെയാണ് 938 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനം ഏറ്റുവാങ്ങി.
ആദ്യ നാല് ദിവസവും ഒന്നാം സ്ഥാനം നിലനിർത്തിയായിരുന്നു കണ്ണൂരിന്റെ കുതിപ്പ്. സമാപന ദിവസം പത്ത് മത്സരങ്ങളാണ് ബാക്കിയുണ്ടായിരുന്നത്. ഹൈസ്‌കൂൾ നാടകവിഭാഗത്തിൽ കണ്ണൂർ നൽകിയ അപ്പീൽ പരിഗണിച്ചതോടെ അതുവരെ രണ്ടുപോയിന്റിന് മുന്നിലുണ്ടായിരുന്ന കോഴിക്കോട് പിന്നിലേക്ക് പോകുകയായിരുന്നു.
കലാമണ്ഡലം മഹേന്ദ്രന് അഭിമാന നിമിഷം
കൂത്തുപറമ്പ് : സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കണ്ണൂർ ജില്ല കലാകിരീടം നേടിയപ്പോൾ കലാമണ്ഡലം മഹേന്ദ്രന് അഭിമാനനിമിഷം .മഹേന്ദ്രന്റെ പരിശീലനത്തിൽ ഓട്ടൻ തുള്ളൽ പഠിച്ച ഏഴ് വിദ്യാർത്ഥികൾ എ ഗ്രേഡും 70 പോയിന്റും ജില്ലയ്ക്ക് സമ്മാനിച്ചു. വർഷങ്ങളായി ഈ രംഗത്തുള്ള മഹേന്ദ്രന്റെ നിരവധി ശിഷ്യർ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ വിജയികളായിട്ടുണ്ട്. കലാമണ്ഡലം മഹേന്ദ്രൻ ഡയറക്ടർ ആയിട്ടുള്ള കൂത്തുപറമ്പ് മലയാള കലാനിലയത്തിൽ പരിശീലനം നേടിയ 21 വിദ്യാർത്ഥികൾ ഓട്ടൻതുള്ളൽ, മിമിക്രി നങ്ങ്യാർ കൂത്ത്, ഭരതനാട്യം, മേണോ ആക്ട് ,ചാക്യാർകൂത്ത്, തിരുവാതിര, ചെണ്ടമേളം എന്നിവയിൽ എഗ്രേഡ് നേടി. കലാമണ്ഡലത്തിൽ നിന്ന് കഥകളിയും ഓട്ടൻ തുള്ളലും അഭ്യസിച്ച കലാമണ്ഡലം മഹേന്ദ്രൻ നിലവിൽ സംസ്ഥാന ക്ഷേത്ര കല സമിതി അംഗമാണ്. അഖില കൈരളി തുള്ളൽ ആർട്ടിസ്റ്റ് ഫോറം സംസ്ഥാന സ്ഥാപക സെക്രട്ടറിയുമാണ് ഇദ്ദേഹം.