
മഹാകവി കുമാരനാശാന്റെ ജീവിതത്തെ ആസ്പദമാക്കി കെ.പി. കുമാരൻ സംവിധാനം ചെയ്ത ഗ്രാമവൃക്ഷത്തിലെ
കുയിൽ ചരമശതാബ്ദി വർഷത്തിന്റെ ഭാഗമായി ജനുവരി 16 മുതൽ 18 വരെ വീണ്ടും പ്രദർശനത്തിന്
മലയാളസിനിമയിലെ എക്കാലത്തെയും സംവിധാന പ്രതിഭകളിൽ കെ.പി. കുമാരന്റെ സ്ഥാനം മുൻനിരയിൽ തന്നെയാണ്. വലിയ ആരവങ്ങളും ആഘോഷങ്ങളൊന്നുമില്ലാത്തതാണ്അദ്ദേഹത്തിന്റെ സിനിമാജീവിതം. അടൂരിന്റെ സ്വയംവരം എന്ന ചിത്രത്തിന്റെ സഹരചയിതാവായാണ് ചലച്ചിത്ര രംഗത്തെത്തുന്നത്. ഓരോ സിനിമയും ഓരോ വ്യത്യസ്ത പരീക്ഷണങ്ങളാക്കി മാറ്റിയപ്പോൾ അര നൂറ്റാണ്ടിലെ ചലച്ചിത്ര ജീവിതം റോക്ക്,അതിഥി, തോറ്റം, രുഗ്മിണി, ആകാശ ഗോപുരം തുടങ്ങി പത്തോളം ചിത്രങ്ങളാണ് മലയാളത്തിന് സമ്മാനിച്ചത്. ഇപ്പോൾ ഇതാ ഗ്രാമവൃക്ഷത്തിലെ കുയിലും.സ്വന്തം ചലച്ചിത്ര ജീവിതത്തിന്റെ ക്ളൈമാക്സ് സ്വയം സൃഷ്ടിച്ച് വഴിമാറി നിന്ന കെ.പി. കുമാരനെ 2022ൽ സംസ്ഥാനത്തെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ജെ.സി. ഡാനിയൽ പുരസ്കാരം നൽകി ആദരിച്ചു.
കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് സ്വദേശിയായ കുമാരൻ തിരുവനന്തപുരത്ത് വട്ടിയൂർക്കാവിലാണ് താമസിക്കുന്നത്. കെ.പി.കുമാരനുമായുള്ള ഹ്രസ്വമായ അഭിമുഖത്തിൽ നിന്ന്.
ഗ്രാമവൃക്ഷത്തിലെ കുയിൽ എന്ന സിനിമയ്ക്ക് പ്രതീക്ഷിച്ച ചലനമുണ്ടാക്കാൻ കഴിഞ്ഞോ?
ഈ പ്രായത്തിൽ വലിയ സാമ്പത്തിക ബാദ്ധ്യത വഹിച്ച് സിനിമയെടുത്തതിന് പിന്നാലെ വീണ്ടുമൊരു ബാദ്ധ്യത കൂടി ഏറ്റെടുക്കേണ്ടി വന്നു. ഈ സിനിമയെ അതിന്റെ യഥാർത്ഥ കാഴ്ചക്കാരിലെത്തിക്കാൻ കഴിഞ്ഞില്ലെന്ന് ബോദ്ധ്യപ്പെട്ടതിനെ തുടർന്നാണ് നിർമ്മാണം പോലെ വിതരണവും ഞാനും ഭാര്യയും ഏറ്റെടുത്തത്.
സിനിമയുടെ വിതരണം വലിയ തലവേദനയായിരുന്നു. ഭാര്യയാണ് ഈ ചിത്രത്തിന്റെ നിർമ്മാണ ചെലവിന്റെ വലിയൊരു പങ്കുംവഹിച്ചത്. അതുകഴിയുമ്പോൾ വിതരണം ഏറ്റെടുക്കാൻ ആരെങ്കിലും മുന്നോട്ടുവരുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ഒടുവിൽ ഞാനും ഭാര്യയും തിയേറ്ററുകൾ കയറിയിറങ്ങുകയായിരുന്നു. ഇപ്പോൾ ചിത്രം രണ്ടാമത് പ്രദർശനത്തിനെത്തിക്കുമ്പോൾ ബംഗളൂരുരിലുള്ള മകളും ഞങ്ങളുടെ കൂടെയുണ്ട്. അങ്ങനെ ഒരു കുടുംബത്തിന്റെ ചിത്രമായി ഗ്രാമവൃക്ഷത്തിലെ കുയിൽ മാറുകയായിരുന്നു. സർക്കാർ വിനോദ നികുതി ഒഴിവാക്കി തന്നു എന്നത് കുറച്ചെങ്കിലും ആശ്വാസം പകരുന്നു.
കുമാരനാശാന്റെ ജീവിതം സിനിമയാക്കണമെന്ന ആഗ്രഹത്തിന് പിന്നിൽ ?
ഒരു പാടു കാലമായി എന്റെ മനസ്സിലെ വലിയ ആഗ്രഹവും ആവേശവുമായിരുന്നു മഹാകവി കുമാരനാശാന്റെ ജീവിതം പകർത്തുന്ന സിനിമ. എന്റെ സിനിമാ ജീവിതത്തിന്റെ ക്ളൈമാക്സായാണ് ഈ സിനിമയെ ഞാൻ കണ്ടിരുന്നത്. ആശാനെ മലയാളികൾ ഇപ്പോഴും പൂർണമായി മനസ്സിലാക്കിയിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അദ്ദേഹം എഴുതിയ മഹാകാവ്യങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല കവിയുടെ ജീവിതം. കവിതയും സാമൂഹിക സേവനവും സാംസ്കാരിക ജീവിതവുമൊക്കെയാണ് ഞാൻ ഈ ചിത്രത്തിൽ പറയാൻ ശ്രമിച്ചത്. ആശാനെ പരമാവധി അറിയാനും അത് പ്രേക്ഷകരെ അറിയിക്കാനുമുള്ള ശ്രമമാണ് എന്റെ സിനിമ.1903ൽ ആശാൻ എസ്. എൻ.ഡി.പി സെക്രട്ടറിയായി ചുമതലയേറ്റതു മുതൽ 1924ൽ പല്ലനയാറ്റിൽ അകാലമൃത്യുവിന് ഇരയാകുന്നതു വരെയുള്ള 20 വർഷത്തിനിടെയുള്ള ജീവിതമാണ് ഇതിൽ ചിത്രീകരിക്കുന്നത്.
പ്രേക്ഷകർ ഈ ചിത്രത്തെ വേണ്ടവിധം സ്വീകരിച്ചോ?
എന്റെ ചലച്ചിത്ര ജീവിതം ഏറെ കല്ലും മുള്ളും നിറഞ്ഞതായിരുന്നു. സ്ഥാനത്തിനും ബഹുമതികൾക്കും വേണ്ടി ആരുടെ മുന്നിലും പോയി യാചിച്ചിട്ടില്ല. പക്ഷേ സിനിമ എന്ന വഴിയിലൂടെ സഞ്ചരിക്കുമ്പോൾ വേദനകളെല്ലാംമറക്കാൻ കഴിയുന്നു. ഈ സിനിമ പൂർത്തിയാക്കാൻ ഏറെ കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ട്. സിനിമയുടെ പ്രദർശനത്തിനു വേണ്ടി തിയേറ്ററുകൾ കിട്ടാനും ഏറെ പ്രയാസമായിരുന്നു. സിനിമയുടെ നിർമ്മാണം പോലെ വിതരണത്തിലും ഏറെ ബുദ്ധിമുട്ടുകളുണ്ടായി. കണ്ണൂർ ജില്ലയിലെ പഴയ സുഹൃത്തുക്കളും നാട്ടുകാരും മറ്റും ചേർന്നാണ് ആദ്യം ഈ ചിത്രം പ്രദർശനത്തിനെത്തിച്ചത്. പല തിയേറ്ററുകാരും ഈ ചിത്രത്തോട് മുഖം തിരിച്ചു.പക്ഷേ എനിക്ക് ഇത് പ്രദർശിപ്പിച്ചേ അടങ്ങു എന്നായി എന്റെ വാശി. എന്റെ സിനിമാ ജീവിതം തന്നെ അവസാനിക്കാറായി. അതുകൊണ്ട് തന്നെ അവസാനപോരാട്ടമായാണ് ഈ സിനിമയെ ഞാൻ കണ്ടിരുന്നത്. എന്തു പ്രതിബന്ധങ്ങളുണ്ടായാലും സിനിമ പ്രേക്ഷകരിലെത്തിക്കുക മാത്രമായിരുന്നു എന്റെ ചിന്ത. അതിൽ ഒരു പരിധി വരെ വിജയിച്ചു എന്നാണ് എന്റെ വിശ്വാസം.
ആശാന്റെ ബന്ധുക്കളൊക്കെ സിനിമ കണ്ടോ?
ആശാന്റെ ബന്ധുക്കളും എസ്. എൻ.ഡി.പിയുടെ നേതാക്കളും പ്രവർത്തകരുമൊക്കെ സിനിമ കണ്ടിരുന്നു.അവരൊക്കെ നല്ല അഭിപ്രായം പറയുകയുമുണ്ടായി. പക്ഷെ ചെറിയൊരു വിഭാഗം പേർ മാത്രം കണ്ടാൽ ഈ സിനിമയുടെ ലക്ഷ്യം നിറവേറ്റാൻ കഴിയില്ല. പുതുതലമുറയാണ് ഈ ചിത്രം കാണേണ്ടത്. പക്ഷേ അവരെ തിയേറ്ററിലെത്തിക്കുകയെന്നത് വലിയ സാഹസമാണ്. മഹാകവി കുമാരനാശാനെ പോലുള്ള മഹാരഥന്മാരെ അറിയാൻ പുതുതലമുറ മുന്നോട്ട് വന്നേ തീരൂ.
കുയിലിലെ കഥാപാത്രങ്ങളും പിന്നണിയിലും...
പ്രമുഖ കർണാടക സംഗീതജ്ഞനും സംഗീത സംവിധായകനുമായ ശ്രീവത്സൻ ജെ. മേനോൻ ആണ് കുമാരനാശാനായി വേഷമിടുന്നത്. സിനിമയുടെ സംഗീത സംവിധാനവും ഇദ്ദേഹം തന്നെ. കവിതകളും ആലപിച്ചിട്ടുണ്ട്.ഭാര്യ ഭാനുമതിയെ അവതരിപ്പിക്കുന്നത് ഗാർഗി ആനന്ദ്. പത്രാധിപർ മൂർക്കോത്ത് കുമാരനായി മാദ്ധ്യമപ്രവർത്തകൻ പ്രമോദ് രാമനും വേഷമിടുന്നു. സഹോദരൻ അയ്യപ്പനായി രാഹുൽ രാജഗോപാലും അരങ്ങിലെത്തുന്നു.
കെ.ജി. ജയൻ കാമറയും കൃഷ്ണനുണ്ണി ശബ്ദലേഖനവും സന്തോഷ് രാമൻ കലാസംവിധാനവും ഇന്ദൻസ് ജയൻ വസ്ത്രാലങ്കാരവും പട്ടണം റഷീദ് ചമയവും നിർവഹിച്ചു.
കുടുംബം
ടൂറിസം വകുപ്പിൽ അഡിഷണൽ ഡയറക്ടറായി വിരമിച്ച ഭാര്യ എം. ശാന്തമ്മ പിള്ള എഴുത്തുകാരി കൂടിയാണ്. ഗ്രാമവൃക്ഷത്തിലെ കുയിലിന്റെ നിർമ്മാതാവും ഇവർ തന്നെ. ഇവരുടെ ഫാർ സൈറ്റ് മീഡിയ എന്ന ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മൂത്തമകൻ മനു സിനിമാ രംഗത്ത് പ്രവർത്തിക്കുന്നു. ആകാശഗോപുരം എന്ന കെ.പി.കുമാരൻ ചിത്രത്തിന്റെ നിർമ്മാതാവ് മനുവായിരുന്നു. രണ്ടാമത്തെ മകൻ ശംഭു ഫിലിപ്പൈൻസിൽ ഇന്ത്യൻ അംബാസഡറാണ്. മകൾ മനീഷ കുടുംബസമേതം ബംഗളൂരുരിൽ താമസിക്കുന്നു.