
കാസർകോട്: തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിന് മുമ്പ് കാസർകോട് നഗരസഭ ഭരണത്തിൽ മുസ്ലീം ലീഗ് നേതൃതലത്തിൽ ഉണ്ടാക്കിയ ധാരണ നടപ്പിലാക്കാൻ തീരുമാനം. ഇതുപ്രകാരം കഴിഞ്ഞ മൂന്ന് വർഷം കാസർകോട് നഗരസഭയെ നയിച്ച അഡ്വ.വി.എംമുനീർ ചെയർമാൻ സ്ഥാനം ഒഴിയും. ഈ മാസം പതിനഞ്ചിന് മുമ്പായി ഇദ്ദേഹത്തിന് പകരം സ്റ്റാൻഡിംഗ് കമ്മിറ്റി കമ്മിറ്റി ചെയർമാൻ അബ്ബാസ് ബീഗം പുതിയ ചെയർമാനാകും.
കാസർകോട് ചേർന്ന മുസ്ലിം ലീഗ് ജില്ലാ പാർലമെന്ററി ബോർഡ് യോഗത്തിലാണ് തീരുമാനം. സംസ്ഥാന ട്രഷറർ സി ടി.അഹമ്മദലി, ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി, ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹ്മാൻ, ട്രഷറർ പി.എം. മുനീർ ഹാജി, എം.എൽ.എമാരായ എൻ.എ.നെല്ലിക്കുന്ന്, എ.കെ.എം അഷ്റഫ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി.കെ.പി ഹമീദലി എന്നിവർ സംബന്ധിച്ചു. നേരത്തെ തന്നെ ചെയർമാൻ സ്ഥാനത്തേക്ക് മുനീറിനൊപ്പം അബ്ബാസ് ബീഗത്തിന്റെയും പേര് ഉയർന്നിരുന്നു. തുടർന്ന് ആദ്യ മൂന്ന് വർഷം മുനീറിനെയും തുടർന്നുള്ള രണ്ട് വർഷം അബ്ബാസിനെയും ചെയർമാനാക്കാൻ ധാരണയാകുകയായിരുന്നു. ഡിസംബർ 28ന് അദ്ധ്യക്ഷപദവിയിൽ മുനീർ മൂന്ന് വർഷം പൂർത്തിയാക്കി. എന്നാൽ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി ദുബായിലായിരുന്നതിനാൽ അദ്ദേഹം എത്താൻ വേണ്ടി കാത്തിരിക്കുകയായിരുന്നു.
ഇതിനിടയിൽ മുഹമ്മദ് കുഞ്ഞി തായലങ്ങാടിയുടെ പേര് ചെയർമാൻ സ്ഥാനത്തേക്ക് ഒരു വിഭാഗം ഉയർത്തികൊണ്ടുവന്നുവെങ്കിലും മുൻ ധാരണ നടപ്പിലാക്കാൻ ജില്ലാ പാർലമെന്ററി ബോർഡ് തീരുമാനിക്കുകയായിരുന്നു. നിലവിൽ ചേരങ്കൈ ഈസ്റ്റ് വാർഡിനെ പ്രതിനിധീകരിക്കുന്ന അബ്ബാസ് ബീഗം 2010-15 കാലയളവിലും കാസർകോട് നഗരസഭയുടെ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട്. മുൻ ചെയർമാൻ ടി.ഇ അബ്ദുല്ലയും വൈസ് ചെയർപേഴ്സണായിരുന്ന താഹിറ സത്താറും മക്ക തീർത്ഥാടന യാത്രയ്ക്ക് വേണ്ടി അവധിയെടുത്തപ്പോൾ ഒരു മാസം നഗരസഭാ ചെയർമാന്റെ താൽക്കാലിക ചുമതലയും വഹിച്ചിരുന്നു. . നേരത്തെ മുസ്ലിം ലീഗ് കാസർകോട് മണ്ഡലം വൈസ് പ്രസിഡന്റായിരുന്നു. നെല്ലിക്കുന്നിലെ പൂന മൊയ്തീൻ മഹലിൽ താമസിക്കുകയാണ് 56 കാരനായ അബ്ബാസ്.