പരിയാരം: ഹാപ്പിനസ് ഫെസ്റ്റിന് ഫണ്ട് അനുവദിക്കുന്നത് സംബന്ധിച്ച് പരിയാരം പഞ്ചായത്ത് ഭരണസമിതി
യോഗത്തിൽ വെച്ച അജണ്ടയിൽ ചർച്ച ചെയ്യാതെ സർക്കാർ ഉത്തരവുണ്ടെന്ന് പറഞ്ഞു ഏകപക്ഷീയമായി ഫണ്ട് അനുവദിക്കാൻ എടുത്ത തീരുമാനത്തിൽ യു.ഡി.എഫ് മെമ്പർമാർ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി. തീരുമാനം പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് മെമ്പർമാർ യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. സാമ്പത്തിക പ്രതിസന്ധി മൂലം പെൻഷൻ കൊടുക്കാൻ പോലും പണമില്ലാതെ പ്രയാസപ്പെടുന്ന ഘട്ടത്തിൽ ഹാപ്പിനസ് ഫെസ്റ്റ് എന്ന പേരിൽ സി.പി.എം നടത്തുന്ന ധൂർത്ത് മേളകൾക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്നും പണം അനുവദിക്കാനുള്ള തിരുമാനം പിൻവലിക്കണമെന്ന് യു.ഡി.എഫ് നേതാക്കൾ ആവശ്യപ്പെട്ടു. പഞ്ചായത്ത് ഓഫീസിന് പുറത്ത് നടന്ന പ്രതിഷേധത്തിന് യു.ഡി.എഫ് മെമ്പർമാരായ പി.വി. സജീവൻ, പി.വി.അബ്ദുൽ ഷുക്കൂർ, പി.സാജിത, അഷറഫ് കൊട്ടോല, ടി.പി.ഇബ്രാഹിം, കെ.പി.സൽമത്ത്, ദൃശ്യ ദിനേശൻ എന്നിവർ നേതൃത്വം നൽകി.