
നീലേശ്വരം: സി.പി.എം കാസർകോട് ജില്ലാകമ്മിറ്റിയംഗവും നീലേശ്വരം മുൻ ഏരിയാസെക്രട്ടറിയുമായ ടി.കെ.രവിയെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്താനുള്ള നടപടിയിലേക്ക് നയിച്ചത് ആസൂത്രിതമായ നീക്കമെന്ന് വിവരം.പാർട്ടി ഔദ്യോഗിക നേതൃത്വത്തിനെതിരെ നടന്ന കലാപതുല്യമായ നീക്കങ്ങളെ ഇല്ലാതാക്കിയതിന്റെ തിരിച്ചടിയായി കൃത്യമായ ആസൂത്രണത്തോടെ രവിക്കെതിരെ ഒന്നിന് പിന്നാലെ ഒന്നായി ആരോപണങ്ങൾ ഉയർത്തുകയായിരുന്നു പഴയ വി.എസ് അനുകൂല വിഭാഗം.
നീലേശ്വരം ഏരിയാകമ്മിറ്റി ഓഫീസ് നിർമ്മിച്ചത് ടി.കെ.രവി ഏരിയാസെക്രട്ടറിയായിരിക്കെയാണ്. നേരത്തെ കിനാനൂർ ലോക്കൽ കമ്മിറ്റിയ്ക്ക് സൗകര്യപ്രദമായ ഓഫീസ് പൂർത്തിയാക്കിയതും നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയായിരുന്ന കിനാനൂർ സർവീസ് സഹകരണ ബാങ്കിനെ പ്രസിഡന്റായിരിക്കെ ലാഭത്തിലെത്തിക്കുകയും ചെയ്തത് സംഘാടകനെന്ന നിലയിൽ പാർട്ടിയുടെ പ്രശംസ പിടിച്ചുപറ്റുന്ന തരത്തിലേക്ക് ടി.കെ.രവിയെ ഉയർത്തിയിരുന്നു. സി.പി.എം ഏരിയാസമ്മേളനത്തിൽ വി.എസ് അനുകൂലിയായ സെക്രട്ടറിക്കെതിരെ മത്സരിച്ച് ഒറ്റവോട്ടിന് പരാജയപ്പെട്ടെങ്കിലും തൊട്ടടുത്ത സമ്മേളനത്തിൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട രവി നീലേശ്വരത്ത് സൗകര്യപ്രദമായ ഓഫീസ് നിർമ്മിക്കാനുള്ള ദൗത്യം ഏറ്റെടുക്കുകയായിരുന്നു.നേതൃത്വത്തിന്റെ അറിവോടുകൂടിയാണ് ഇതിനായി ചിട്ടി നടത്തിയത്. ഏരിയാകമ്മിറ്റിയ്ക്ക് കൂട്ടുത്തരവാദിത്തമുള്ള ചിട്ടിയിൽ ചില ചിറ്റാളന്മാർ കൃത്യമായ പണം അടക്കാതെ വന്നത് അവസാനഘട്ടത്തിൽ പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും മുഴുവൻ തുകയും പിരിച്ചെടുത്ത് പേരുദോഷം ഒഴിവാക്കി. ഇതിന് പുറമെ പാർട്ടി അംഗങ്ങളിൽ നിന്നുള്ള പിരിവും അഭ്യുദയകാംക്ഷികളുടെ സഹായവും കൂടി ചേർത്താണ് നീലേശ്വരത്ത് മികച്ച ഓഫീസ് ഉയർന്നത്. ഓഫീസ് ഉദ്ഘാടനത്തിന് പിന്നാലെയാണ് രവിക്കെതിരെ ചില കേന്ദ്രങ്ങളിൽ നിന്ന് സംസ്ഥാനനേതൃത്വത്തിലേക്ക് തുടർച്ചയായി പരാതി പോയിത്തുടങ്ങുന്നത്. പാർട്ടി കമ്മിറ്റികളിലെ ചർച്ചകൾ പിറ്റേന്ന് മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നതും ഈ ഘട്ടത്തിൽ പതിവായിരുന്നു.വ്യക്തിഹത്യ ചെയ്യുന്നിടത്തോളമുള്ള ആരോപണങ്ങളും ചില ഘട്ടങ്ങളിൽ ഉയർന്നു.
ഓഫീസ് നിർമ്മാണത്തിന്റെ കണക്കുകൾ സംബന്ധിച്ചുള്ള പരാതിക്ക് പുറമേയാണ് രവിക്കെതിരെ ആഷാപുര കമ്പനിയിൽ നിന്ന് പത്തുലക്ഷം കൈപ്പറ്റിയെന്ന ആരോപണവും ഉയർത്തിയത്. മാദ്ധ്യമങ്ങളിലൂടെ ആഷാപുര കമ്പനിയുടെ സി.ഇ.ഒയിലൂടെയാണ് ഈ പരാതി പുറത്തെത്തിയതെങ്കിലും ഇതിന് പിന്നിൽ കൃത്യമായ ചരടുവലി നടന്നിട്ടുണ്ടെന്നാണ് വിവരം. ഉഡുപ്പി - വയനാട് 400 കെ.വി വൈദ്യുതി ലൈനിന്റെ സബ് സ്റ്റേഷൻ നിർമ്മാണത്തിന് കരിന്തളം കയനിയിൽ സ്ഥലം അനുവദിക്കാൻ പതിനഞ്ചുലക്ഷം കൈപ്പറ്റിയെന്ന മറ്റൊരു പരാതിയും ഇതിന് പിന്നാലെ ഒരു സംഘം ഉയർത്തി. ഈ പരാതികളെല്ലാം ഒറ്റ കേന്ദ്രത്തിൽ നിന്ന് ആസൂത്രണം ചെയ്യപ്പെട്ടവയായിരുന്നു. ഈ പരാതികളിൽ യാതൊരു കഴമ്പുമില്ലെന്ന് പിന്നീട് വ്യക്തമായിരുന്നു. ഓഫീസ് നിർമ്മാണവുമായി ബന്ധപ്പെട്ട കണക്കുകളിൽ അവ്യക്തതയുണ്ടെന്ന് കാട്ടി നീലേശ്വരത്തെ വി.എസ് അനുകൂലിയായ ലോക്കൽ കമ്മിറ്റിയംഗം സംസ്ഥാനകമ്മിറ്റിക്ക് നൽകിയ പരാതിയിൽ മൂന്നംഗകമ്മിഷൻ നടത്തിയ അന്വേഷണത്തോട് ടി.കെ.രവി സഹകരിച്ചിരുന്നില്ല.നേതാക്കൾക്ക് കൃത്യമായ അറിവുള്ള വിഷയത്തിൽ വിഭാഗീയ പ്രവർത്തനങ്ങളുമായി നടന്ന ഒരു വിഭാഗത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചതിലെ പ്രതിഷേധമായിരുന്നു ഇതിന് പിന്നിൽ. സ്വന്തം കുടുംബത്തിൽപെട്ട ഒരാൾക്ക് വേണ്ടി പോലും പാർട്ടി നയിക്കുന്ന സ്ഥാപനങ്ങളിൽ ജോലിക്കായി ശിപാർശ നടത്താത്ത ,വ്യക്തിപരമായി വൻസാമ്പത്തിക ബാദ്ധ്യത നേരിടുന്ന മുൻ ഏരിയാസെക്രട്ടറിയ്ക്കെതിരെയുള്ള നീക്കം മേഖലയിലെ വലിയൊരു വിഭാഗം പ്രവർത്തകരെ പ്രകോപിപ്പിച്ചിട്ടുണ്ട്.
കൊഴിഞ്ഞുപോക്ക്, ഭാഗ്യക്കുറി;
കരിന്തളത്ത് സി.പി.എം ഉലയുന്നു
ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ ടി.കെ.രവിയടക്കം സി.പി.എമ്മിന്റെ ഉരുക്കുകോട്ടയായ കിനാനൂർ കരിന്തളത്ത് പാർട്ടി പ്രവർത്തനത്തിൽ നിന്ന് വിട്ടുനിൽക്കുന്ന നേതാക്കളുടെ എണ്ണം കൂടുന്നു. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും മുൻ ജില്ലാകമ്മിറ്റിയംഗവുമായ ചായ്യോത്തെ മുതിർന്ന നേതാവ് പ്രായപരിധിയെ തുടർന്ന് വിശ്രമത്തിലെന്നാണ് ഔദ്യോഗിക ഭാഷ്യമെങ്കിലും നേതൃത്വത്തോടുള്ള വിയോജിപ്പാണ് പ്രധാന ഘടകം. കരിന്തളം വെസ്റ്റ് ലോക്കൽകമ്മിറ്റിയുടെ മുൻ സെക്രട്ടറിയും സജീവപ്രവർത്തനത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ഇതിനിടെ കരിന്തളം വെസ്റ്റ് ലോക്കൽകമ്മിറ്റി പുനർനിർമ്മാണത്തിനായി നടത്തിയ ഭാഗ്യക്കുറിയിൽ ചേർന്ന അംഗങ്ങൾക്കുള്ള സമ്മാനവിതരണത്തിലെ ക്രമക്കേടും പുതിയ വിവാദം സൃഷ്ടിച്ചിട്ടുണ്ട്. കുറിയിൽ ആളെ ചേർത്ത പാർട്ടി അംഗങ്ങളിൽ പലരും സമ്മാനം നൽകാൻ കഴിയാത്തതിന്റെ പേരിൽ ചോദ്യം ചെയ്യലുകൾക്ക് വിധേയമായി കടുത്ത മാനസികസംഘർഷത്തിലാണ്. ഇവരിൽ പലരും സജീവപ്രവർത്തനത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്.