
കണ്ണൂർ: കൊല്ലത്ത് നടന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ സ്വർണകപ്പ് നേടിയ കണ്ണൂർ ജില്ലാ ടീമിന് ജില്ലയിൽ ഊഷ്മളമായ സ്വീകരണം.ജില്ലാ അതിർത്തിയായ മാഹിയിൽ ഇന്നലെ വൈകീട്ട് മൂന്നിന് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കലോത്സവപ്രതിഭകളെ സ്വീകരിച്ച് കണ്ണൂരിലേക്ക് ആനയിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപള്ളി , ജില്ലാ കളക്ടർ അരുൺ കെ.വിജയൻ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. മലയാളത്തിന്റെ പ്രിയകഥാകൃത്ത് ടി.പത്മനാഭൻ കുട്ടികൾക്ക് മധുരം നൽകി.
തുറന്ന വാഹനത്തിലാണ് സംഘത്തെ കണ്ണൂർ നഗരത്തിലേക്ക് ആനയിച്ചത്. തലശേരി ടൗൺ, മീത്തലെ പീടിക, മൊയ്തുപാലം, എടക്കാട് ബസാർ ചാല, താഴെചൊവ്വ എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷമാണ് കണ്ണൂർ കാൽടെക്സിലായിരുന്നു സ്വീകരണസമ്മേളനം. ടീമിനെ വാദ്യമേളങ്ങളോടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ വിപുലമായ ആഹ്ളാദ പ്രകടനത്തോടെയാണ് സ്വീകരിച്ചത്. കലോത്സവത്തിൽ വിജയികളായ മുഴുവൻ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ച് പിന്നീട് വമ്പൻ സ്വീകരണവും നൽകുമെന്ന് കണ്ണൂ ർ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ പറഞ്ഞു. കടമ്പൂർ ഹയർസെക്കൻഡറി സ്‌കൂൾ, മൊകേരി രാജീവ് ഗാന്ധി ഹയർസെക്കൻഡറി സ്‌കൂൾ, സെന്റ്‌തെരസാസ്ആംഗ്‌ളോ ഇന്ത്യൻ സ്‌കൂൾ തുടങ്ങിയ സ്‌കൂളുകൾ വിവിധ മത്സരയിനങ്ങളിൽ നടത്തിയ മിന്നും പ്രകടനമാണ് കണ്ണൂരിന് സ്വർണക്കപ്പ് നേടാൻ സഹായകരമായത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. .പി .ദിവ്യ,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യൻ, ജില്ലാ കളക്ടർ അരുൺ കെ .വിജയൻ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി .കെ . സുരേഷ് ബാബു തുടങ്ങി നിരവധി പേർ പങ്കെടുത്തു.