നീലേശ്വരം: ദേശീയപാത വികസന പ്രവൃത്തിക്കിടെ റോഡിന്റെ വശങ്ങളിലെ കുഴി അപകട ഭീഷണി ഉയർത്തുന്നു. റോഡിന്റെ ഓവുചാലിനും ഫുട്പാത്തിനും നീക്കി വച്ച സ്ഥങ്ങളിൽ എടുത്ത കുഴികളിൽ പാതി കോൺക്രീറ്റ് ചെയ്തു വച്ചതും പാതി ചെയ്യാതെ രണ്ടാൾ പൊക്കത്തിൽ വെറുതേ ഇട്ടതുമാണ് യാത്രക്കാർക്ക് ഭീഷണിയുയർത്തുന്നത്.

ദേശീയപാതയിൽ നീലേശ്വരം കരുവാച്ചേരി ഭാഗത്ത് വളവിലാണ് ഇങ്ങിനെ പകുതി സൈഡ് കെട്ടി പകുതി കുഴിയുമായി നിൽക്കുന്നത്. രാത്രി കാലങ്ങളിൽ വാഹനങ്ങളിൽ വരുന്നവർക്ക് വലിയ പ്രയാസമാണ് ഇത് സൃഷ്ടിക്കുന്നത്. രാത്രി വരുന്ന വാഹനങ്ങളിൽ നിന്നടിക്കുന്ന ലൈറ്റ് മറുഭാഗത്ത് നിന്നു വരുന്ന വാഹനത്തിന്റെ ഡൈവർമാരുടെ കണ്ണിലടിച്ച് കാഴ്ച്ച മറയുന്ന നിമിഷത്തിൽ ഈ കുഴികളിൽ വീഴുക മാത്രമേ നിർവാഹമുള്ളൂ.

ദേശീയപാതയോരത്തെ മിക്കയിടങ്ങളിലും ഇതാണ് സ്ഥിതി. റോഡിന്റെ വശങ്ങൾ കെട്ടാതെ പലയിടത്തും മണ്ണ് കൂട്ടിയിട്ട് അതിന്റെ മുകളിൽ ടാർ ചെയ്തിരിക്കുകയാണ്. അതു വലിയ പ്രശ്‌നം സൃഷ്ടിച്ചിരിക്കുന്നു. സൈഡ് ഇല്ലാത്തതിനാൽ രാത്രി കാലങ്ങളിൽ ഇതു വാഹനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഒരു സ്ഥലത്ത് പണിയെടുത്താൽ അതിന്റെ ഫുട്പാത്തും ഓവുചാലും പൂർത്തിയാവുന്നതിന് മുമ്പേ മറ്റു സ്ഥലത്ത് നിർമ്മാണ പ്രവൃത്തികൾ തുടങ്ങുന്നത് കൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത്. കാസർകോട് ചെങ്കള മുതൽ നീലേശ്വരം വരെയുള്ള റീച്ചിൽ അപകടങ്ങൾ തുടർക്കഥയാവുന്നതും ഇതുകൊണ്ട് തന്നെ.

നിർമ്മാണം തോന്നിയത് പോലെ..

നിർമ്മാണ പ്രവൃത്തികൾ നടക്കുമ്പോൾ യാത്രക്കാരുടെ സുരക്ഷക്ക് പ്രാധാന്യം കൊടുത്തു കൊണ്ട് വളവിലും മറ്റു ജോലിയെടുക്കുന്ന സ്ഥലത്തും സൈൻ ബോർഡുകളോ വെളിച്ചമോ വെയ്ക്കണമെന്നുണ്ട്. സഞ്ചാര സ്വാതന്ത്ര്യത്തിന് തടസമുണ്ടാക്കാതെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് കൊണ്ട് റോഡ് നിർമ്മിക്കണം. അതൊന്നും പാലിക്കാതെയാണ് നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതെന്നാണ് ആക്ഷേപം. കഴിഞ്ഞ ചൊവ്വാഴ്ച ദേശീയപാത പെരിയ കുണിയനിൽ അപകടത്തിൽ രണ്ട് പേർ മരിച്ചിരുന്നു. ഇനി എത്ര ആളുകൾക്ക് പുതിയ റോഡിലെ കുഴികളിൽ വീണ് അപകടം പറ്റുമെന്ന് കണ്ട് തന്നെ അറിയണമെന്നും യാത്രക്കാർ പറയുന്നു.