
കണ്ണൂർ: പതിമൂന്നു വർഷമായി സ്വദേശത്തും വിദേശത്തും സവാദിനായി പൊലീസും എൻ.ഐ.എയും തിരച്ചിൽ നടത്തുമ്പോൾ കള്ളപ്പേരിൽ മരപ്പണിയുമായി കണ്ണൂരിലെ വിവിധയിടങ്ങളിലായി കഴിയുകയായിരുന്നു പ്രമാദമായ കൈവെട്ടുകേസിലെ ഒന്നാംപ്രതി സവാദ്. ഷാജഹാനെന്ന പേരിലായിരുന്നു സവാദ് രണ്ടുവർഷമായി മട്ടന്നൂരിനടുത്ത ബേരത്ത് വാടക വീട്ടിൽ ഭാര്യക്കും രണ്ടുമക്കൾക്കുമൊപ്പം താമസിച്ചിരുന്നത്.
മരപ്പണിക്കാരനായിരുന്ന സവാദ് കാസർകോട് സ്വദേശിയാണെന്നായിരുന്നു നാട്ടുകാരോട് പറഞ്ഞത്. അന്വേഷണ ഏജൻസികൾ അരിച്ചുപെറുക്കിയിട്ടും കണ്ടെത്താൻ കഴിയാതിരുന്ന കൈവെട്ട് കേസിലെ പ്രതി സവാദ് താമസിച്ചിരുന്നത് കണ്ണൂരിലെ ഒറ്റനില വീട്ടിലാണ്. ഇതിന് മുൻപും മട്ടന്നൂരിലെ വിവിധയിടങ്ങളിൽ ഇയാൾ താമസിച്ചിരുന്നു.
മരപ്പണിയെടുത്താണ് ജീവിതം നയിച്ചിരുന്നത്. നിലവിൽ തൊട്ടടുത്തുള്ള ഒരു വീട്ടിലായിരുന്നു ജോലി. കുടുംബമായി താമസിക്കുന്ന സവാദിനെതിരെ ഒരു ഘട്ടത്തിൽ പോലും നാട്ടുകാർക്കോ അയൽവാസികൾക്കോ സംശയം തോന്നിയിരുന്നില്ല.ചൊവ്വാഴ്ച അർദ്ധരാത്രി കൊച്ചിയിൽ നിന്നുള്ള എൻ.ഐ.എ സംഘം സവാദിനെ കസ്റ്റഡിയിലെടുത്ത് പോകുമ്പോഴും ഇത്ര വലിയ കേസിലെ പ്രതിയാണ് ഇയാളെന്ന് നാട്ടുകാർ അറിഞ്ഞില്ല. മയക്കുമരുന്ന് കേസിൽ അകപ്പെട്ടെന്നായിരുന്നു നാട്ടുകാർ ആദ്യഘട്ടത്തിൽ സംശയിച്ചത്.
അതെസമയം സവാദിന് ഇത്രയും സുരക്ഷിതമായ താവളം ലഭിച്ചത് എങ്ങനെയാണെന്നും പ്രാദേശിക സഹായം ലഭിച്ചതും സംബന്ധിച്ച് പുറത്തുവരേണ്ടതുണ്ട്. കൈവെട്ട് കേസിലെ പ്രതിയാണെന്ന വിവരം അറിവുണ്ടായിരുന്നില്ല. അതേസമയം, സവാദ് എങ്ങനെയാണ് ഇത്രയും കാലം ഇവിടെ ഒളിവിൽ കഴിഞ്ഞതെന്നും ആരാണ് സഹായിച്ചതെന്നുമാണ് എൻഐഎ സംഘം ഇപ്പോൾ അന്വേഷിക്കുന്നത്.