migrant-workers

കണ്ണൂർ: ക്രിമിനൽ പശ്ചാത്തലമുള്ളവരും മാരകലഹരി ഉപയോഗിക്കുന്നവരുമായ അന്യസംസ്ഥാനതൊഴിലാളികൾ പ്രതികളായ കേസുകളുടെ എണ്ണം ജില്ലയിൽ വർദ്ധിക്കുന്നതായി കണക്കുകൾ. കണ്ണൂർ സിറ്റി ,റൂറൽ പരിധി കേന്ദ്രീകരിച്ച് 2021 മുതൽ 2023 വരെ ഈ വിഭാഗത്തിൽ പെട്ടവർക്ക് പങ്കാളിത്തമുള്ള 250 ഓളം കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്.കാസർകോട് ജില്ലയിലും ഇവർ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.

മുന്നനുഭവങ്ങളുടെ അടിസ്ഥാനത്തിൽ അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലം ഉൾപ്പെടെ പൊലീസ് ഇടയ്ക്കിടെ പരിശോധിച്ചിരുന്നു.എന്നാൽ നിലവിൽ പരിശോധനകൾ കാര്യക്ഷമമല്ല.ഇത് മുതലാക്കിയാണ് ക്രിമിനലുകളുടെ അഴിഞ്ഞാട്ടം. നേരത്തെ പരിശോധനകളിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളും മദ്യവും മറ്റ് ലഹരി ഉത്പ്പന്നങ്ങളും കണ്ടെത്തിയിരുന്നു.മതിയായ രേഖകളില്ലാത്തവരും ഈ കൂട്ടത്തിൽ ഉൾപ്പെടുന്നുണ്ട്. ക്രിമിനിൽ പശ്ചാത്തലമുള്ള അന്യസംസ്ഥാന തൊഴിലാളികളെ കണ്ടെത്തുന്നതിനും കർശ്ശനമായി നിരീക്ഷിക്കുന്നതിനും സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകിയിട്ടുണ്ട്.

ജില്ലയിലെ വിവിധ ഭാഗങ്ങളിൽ അടുത്തിടെയായി വസ്ത്രവും മറ്റ് ഉത്പ്പന്നങ്ങളുമെല്ലാം വിൽക്കാൻ വൻ തോതിൽ അന്യസംസ്ഥാനതൊഴിലാളികൾ എത്തിയിരുന്നു.നഗരങ്ങളിൽ നിന്നും മാറി ഗ്രാമപ്രദേശങ്ങളിലെ വീടുകളിലേക്കാണ് ഇവർ എത്തിയത്.ഇവരുടെ പശ്ചാത്തലം അധികൃതർ പരിശോധിച്ചിട്ടില്ല.ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥർ റസിഡൻസ് അസോസിയേഷനുമായി സഹകരിച്ച് അപരിചിതരായ ആൾക്കാരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും സംശയാസ്പദമായി കാണുന്നവരെ കുറിച്ചുള്ള വിവരങ്ങൾ കൈമാറാനും ധാരണയായിരുന്നു. പക്ഷെ ഇത് എല്ലായിടത്തും ഫലപ്രദമായിട്ടില്ല സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ,സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് എന്നിവരുടെ സഹകരണത്തോടെ റസിഡൻഷ്യൽ ഏരിയകളിൽ കുട്ടികൾ അപരിചിതരുമായി സഹകരിക്കുന്നത് ഒഴിവാക്കാനുള്ള ബോധവത്കരണവും എങ്ങുമെത്തിയിട്ടില്ല.

നിയമുണ്ട് ,നടപ്പാക്കണ്ടേ

അന്യസംസ്ഥാന തൊഴിലാളികളുടെ തൊഴിൽ നിയന്ത്രിക്കുന്നതിനും അവരുടെ സേവന വ്യവസ്ഥകൾക്കുമായി കേന്ദ്രനിയമ പ്രകാരം അഞ്ചോ അതിലധികമോ പേർ ജോലി ചെയ്യുന്ന എല്ലാം സ്ഥാപനങ്ങൾക്കും രജിസ്ട്രേഷൻ നിർബന്ധമാണ്. കരാറുകാരനും ലൈസൻസ് വേണം.എന്നാൽ ഇത് പാലിക്കാതെയാണ് അന്യസംസ്ഥാന തൊഴിലാളികളെ ജോലി ചെയ്യിക്കുന്നത്. ഇത്തരം തൊഴിലാളികളുടെ വിവരശേഖരണം പൊലീസ് സ്റ്റേഷനുകൾ വഴി നടത്തുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്.സംസ്ഥാനത്തുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ ഏറ്റവും പുതിയ വിവരങ്ങൾ ശേഖരിച്ച് ഡിജിറ്റൽ രൂപത്തിലാക്കി സൂക്ഷിക്കാൻ സോണൽ ഐ.ജിമാർ .റേഞ്ച് ഡി.ഐ.ജിമാർ,ജില്ലാ പൊലീസ് മേധാവിമാർ എന്നിവർക്ക് എ.ഡി.ജി.പിയുടെ നിർദ്ദേശവുമുണ്ട്. ഇതിൽ നടപടികൾ പുരോഗിമിച്ചു വരികയാണെന്നാണ് പൊലീസ് നൽകുന്ന വിവരം.

അന്യസംസ്ഥാനക്കാർ പ്രതികളായ കേസുകൾ (2021- 2023)

കണ്ണൂർ സിറ്റി 119

കണ്ണൂർ റൂറൽ132

കാസർകോട് 57