കാഞ്ഞങ്ങാട്: ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ വിനോദ് കുമാർ പള്ളയിൽ വീടിന്റെ ആകസ്മിക മരണം ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചു. ഇന്നലെ വെളുപ്പിനാണ് വിനോദ് കുമാർ വീട്ടിൽ കുഴഞ്ഞു വീണത്. ഉടനെ തന്നെ മാവുങ്കാലിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കെ.എസ്.യുവിലൂടെ പൊതുരംഗത്ത് വന്ന വിനോദ് കുമാർ കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറും കെ.എസ്.യുവിന്റെ ജില്ലാ പ്രസിഡന്റുമായിരുന്നു. പിന്നീട് യൂത്ത് കോൺഗ്രസ് നേതൃത്വത്തിലേക്ക് വന്ന വിനോദ് സംഘടനയുടെ ജില്ലാ പ്രസിഡന്റായി. അദ്ദേഹത്തിന്റെ കീഴിൽ വൈസ് പ്രസിഡന്റായിരുന്ന ആളാണ് ഇപ്പോഴത്തെ ഡി.സി.സി അദ്ധ്യക്ഷൻ പി.കെ ഫൈസൽ. സംഘടനാ രംഗത്ത് മുതിർന്നവരെയും യുവതലമുറയെയും ബന്ധിപ്പിക്കുന്ന കണ്ണിയായിരുന്നു വിനോദ് കുമാർ. ഇന്നലെ രാവിലെ മുതൽ സഞ്ജീവനി ആശുപത്രിയിലെ മോർച്ചറിയിൽ മൃതദേഹം കാണാനെത്തിയവർ ഇതിന്റെ സാക്ഷ്യമാണ്. കോൺഗ്രസിൽ കരുണാകരനോടൊപ്പമായിരുന്നു എക്കാലത്തും വിനോദ്. കരുണാകരൻ ഡി.ഐ.സി രൂപീകരിച്ചപ്പോൾ അതിന്റെ യുവജന വിഭാഗം സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിനപ്പുറം സൗഹൃദങ്ങൾ കാത്തുസൂക്ഷിച്ച നേതാവാണ് വിനോദ്. ശബരിമലക്ക് പോകാൻ വ്രതമെടുത്തിട്ടുള്ള വിനോദ് ഈ മാസം 16 ന് മലക്ക് പോകാനിരിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി ഡി.സി.സി ഓഫീസിൽ കെ.പി.സി.സി ആഹ്വാനം ചെയ്തിട്ടുള്ള സമരാഗ്നിയുടെ ജില്ലയിലെ തയ്യാറെടുപ്പുകൾ വിവിധ തലങ്ങളിൽ നടത്തിയ ശേഷം രാത്രി വീട്ടിലെത്തിയതായിരുന്നു. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസൽ, സെക്രട്ടറി അഡ്വ. പി.വി സുരേഷ്, വൈസ് പ്രസിഡന്റ് അഡ്വ. കെ.കെ രാജേന്ദ്രൻ, സി.പി.എം ഏരിയാ സെക്രട്ടറി കെ. രാജ്‌മോഹനൻ തുടങ്ങി വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ആശുപത്രിയിലെത്തി അന്തിമോപചാരം അർപ്പിച്ചു.