കണ്ണൂർ: ഒന്നാം പ്രതി സവാദ് 2010 ജൂലായ് നാലിന് പ്രൊഫസർ ടി.ജെ.ജോസഫിന്റെ കൈവെട്ടിയതിന് ശേഷം ആക്രമണത്തിനുപയോഗിച്ച മഴുവുമായാണ് കടന്നുകളഞ്ഞത്. ഇതിനുശേഷം അവസാനമായി കണ്ടത് കൂട്ടുപ്രതി സജിലായിരുന്നു.

ആക്രമണത്തിനിടയിലേറ്റ പരിക്കുമായി സവാദ് ആലുവ വരെ എത്തിയതിനു തെളിവ് ലഭിച്ചിരുന്നെങ്കിലും അവിടെ നിന്ന് എങ്ങോട്ടാണ് പോയതെന്ന് സംഘത്തിലെ മറ്റുള്ളവർക്കും അറിയില്ലായിരുന്നു. പ്രതിയായ നാസറിനൊപ്പമാണ് ഒളിവിൽ പോയെതന്നായിരുന്നു അന്വേഷണസംഘത്തിന്റെ ധാരണ. നാസറിനെ ചോദ്യം ചെയ്തപ്പോൾ സവാദിനെ കുറിച്ച് വിവരം ലഭിച്ചില്ല.ബംഗളുരുവിൽ നിന്ന് നേപ്പാൾ വഴി ഖത്തറിലേക്ക് കടന്നെന്നായിരുന്നു പിന്നീട് അന്വേഷണസംഘത്തിന്റെ നിഗമനം. സിറിയയിലേക്കു കടന്നതായി പ്രചാരമുണ്ടായെങ്കിലും അതിനും തെളിവു ലഭിച്ചില്ല.

ഏറ്റവുമൊടുവിൽ നയതന്ത്രപാഴ്സൽ സ്വർണക്കടത്തു കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്ത പ്രതികളിൽ ഒരാൾ ദുബായിയിൽ സവാദിനെ കണ്ടതായി മൊഴി നൽകിയിരുന്നു.സവാദിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ദേശീയ അന്വേഷണ ഏജൻസി കഴിഞ്ഞ വർഷം മാർച്ചിലാണ് 10 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചത്.ആദ്യം നാലു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചെങ്കിലും സൂചനകളൊന്നും ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് തുക ഉയർത്തിയത്. ഒളിവുജീവിതത്തിനിടെ ഒരിക്കൽ പോലും കൂട്ടുപ്രതികളുമായി ബന്ധപ്പെട്ടിരുന്നില്ല.

ഭാര്യയ്ക്കും മക്കൾക്കും ഒപ്പം;

ആരും സംശയിച്ചില്ല

മട്ടന്നൂരിനടുത്ത് ബേരത്ത് ഖദീജ എന്നവരുടെ പേരിലുള്ള എന്ന പ്രദേശത്ത് വാടക വീട്ടിലാണ് താമസിച്ചിരുന്നത്. 13 വർഷവും കണ്ണൂരിലും കാസർകോടും വിവിധ പ്രദേശങ്ങളിലായിരുന്നു ഒളിവിൽ കഴിഞ്ഞിരുന്നതെന്നാണ് വിവരം. ഒന്നരവർഷമായി ഇവിടെ താമസിക്കുന്നു എന്ന് അയൽവാസികൾ പറഞ്ഞു. ഭാര്യയ്ക്കും കുട്ടികൾക്കും ഒപ്പം താമസിച്ചിരുന്നതിനാൽ മറ്റ് സംശയം തോന്നിയിരുന്നില്ലെന്നും സമീപവാസികൾ പറഞ്ഞു.
താമസ സ്ഥലത്തു നിന്ന് ജോലിക്ക് വരുന്നതും പോകുന്നതും ഓട്ടോറിക്ഷയിലായിരുന്നു .അയൽപക്കവുമായി ബന്ധമൊന്നും ഉണ്ടായിരുന്നില്ലെന്ന് അയൽവാസി പറഞ്ഞു. എട്ട് മാസമായി കുരുമുക്ക് എന്ന സ്ഥലത്താണ് മരപ്പണി ചെയ്തിരുന്നത്. പുറത്തുവിട്ട പഴയ ചിത്രവുമായി ഇപ്പോഴത്തെ സവാദിന് ഏറെ വ്യത്യാസമുണ്ട്. കാസർകോട് സ്വദേശിയാണെന്നായിരുന്നുനാട്ടുകാരോട് പറഞ്ഞത്.

ബേരത്ത് വരുന്നതിന് മുമ്പ് ഇരിട്ടി വിളക്കോടായിരുന്നു താമസമെന്നാണ് പറഞ്ഞതെന്ന് അയൽവാസികൾ വെളിപ്പെടുത്തി.
കണ്ണൂരിൽ വളപട്ടണമടക്കം നിരവധി സ്ഥലങ്ങളിലായി താമസിച്ചിരുന്ന സവാദ് അവിടെ കൂലിവേലയാണ് ചെയ്തിരുന്നത്. മട്ടന്നൂരിൽ എത്തിയ ശേഷമാണ് മരപ്പണി പഠിച്ചത് .മട്ടന്നൂരിലെത്തിയതിന് ശേഷമാണ് രണ്ടാമത് കുഞ്ഞുണ്ടായത്. ഒരു പെൺകുട്ടിയും ആൺകുട്ടിയുമാണ് ഈയാൾക്കുള്ളത്.

പ്രാദേശിക സഹായം ലഭിച്ചു

മട്ടന്നൂരിൽ ഒരു എൻ.ഡി.എഫ് പ്രവർത്തകനാണ് സവാദിന് മരപ്പണി ജോലി ശരിയാക്കി നൽകിയത്. ഇവരാണ് സവാദിനൊപ്പം ജോലിചെയ്തിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു.ദിവസവും ജോലിക്ക് പോകാനും വീട് സംഘടിപ്പിക്കാനും ഈയാളെ സഹായിച്ചവരുണ്ടെന്ന് എൻ.ഐ.എയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്.