mangalakunhu

പയ്യന്നൂർ:പതിനഞ്ചുവർഷത്തെ കാത്തിരിപ്പിനൊടുവിൽ രാമന്തളി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തിന്റെ സമാപന ദിവസമായ ഇന്ന് കൈലാസകല്ലിന് സമീപത്ത് അന്നപൂർണേശ്വരിയുടെ തിരുമുടിയുയരും. ഉച്ചക്ക് ഒരു മണിക്കാണ് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരുന്ന മുഹൂർത്തം.

ഇതിനു മുൻപ് കോമരങ്ങളും വാല്യക്കാരും മേലേരി കൈയേൽക്കും. ഇന്നലെ വൈകീട്ട് ഭഗവതിയുടെ ഉച്ച തോറ്റത്തോടൊപ്പം മംഗല കുഞ്ഞുങ്ങൾ തിരുമുറ്റത്തെത്തി. പുതുവസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞ് കുറിയിട്ട് കസവുടുത്ത് മുല്ലപ്പൂമാല ചൂടി ബാലികമാർ അച്ഛന്റെയോ അമ്മാമന്റെയോ ചുമലിലേറി ദേവിയുടെ പന്തൽമംഗലത്തെ അനുസ്മരിച്ച് തോറ്റത്തോടൊപ്പം മൂന്ന് പ്രാവശ്യം ക്ഷേത്രം വലം വെക്കുന്ന അത്യാകർഷകമായ ചടങ്ങാണിത്. വൻ ജനാവലിയാണ് ക്ഷേത്രപരിസരത്ത് ഇതു കാണാൻ തടിച്ചുകൂടിയത്. ഇതോടൊപ്പം തോറ്റം ചുഴലും നെയ്യാട്ടവും നടന്നു.

ഇന്നലെ പുലർച്ചെ മുതൽ പുലിയൂർ കണ്ണൻ , കണ്ണങ്ങാട്ട് ഭഗവതി, പുലിയൂർ കാളി, കുണ്ടോർ ചാമുണ്ഡി, മടയിൽ ചാമുണ്ഡി, വിഷ്ണുമൂർത്തി തെയ്യക്കോലങ്ങൾ അരങ്ങിലെത്തി. മുച്ചിലോട്ട് ഭഗവതിയുടെ അടിച്ചു തളിതോറ്റം, അരങ്ങിൽ അടിയന്തിരം, നെയ്യാട്ടം ചടങ്ങുകൾക്ക് ശേഷം ഭഗവതിയുടെ കോലധാരിയെ മുച്ചിലോടിന്റെ മതിലിനകത്ത് കുച്ചിലിൽ പ്രവേശിപ്പിച്ചു.ഉച്ചക്ക് കൂത്തും ചങ്ങനും പൊങ്ങനും അരങ്ങിലെത്തി. ഉച്ചക്കും വൈകീട്ടും അന്നദാനവുമുണ്ടായിരുന്നു

പെരുങ്കളിയാട്ട ഭൂമിയിൽ

കണ്ണങ്ങാട്ട് ഭഗവതി രാവിലെ 6ന് , പുലിയൂർ കാളി 6.30ന്, കുണ്ടോർ ചാമുണ്ഡി 11ന്, മേലേരി കയ്യേൽക്കൽ 12ന്, മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരൽ , അന്ന പ്രസാദം ഉച്ചക്ക് ഒരു മണി, മുച്ചിലോട്ട് ഭഗവതിയുടെ ആറാടിക്കൽ -രാത്രി 12ന് .തുടർന്ന് വെറ്റിലാചാരം.