കണ്ണൂർ: മാഹി പ്രദേശത്തെ പെട്രോൾ ബങ്കിൽ നിന്നും അനധികൃതമായി ടിപ്പർ ലോറിയിൽ കടത്താൻ ശ്രമിച്ച 5800 ലിറ്റർ ഡീസൽ പിടികൂടി. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള രഹസ്യാന്വേഷണ വിഭാഗം പള്ളൂർ പൊലീസിന് നൽകിയ വിവരത്തെ തുടർന്നാണ് ഡീസൽ പിടികൂടിയത്.
ടിപ്പർ ലോറിയിൽ പ്രത്യേക രീതിയിൽ സജ്ജീകരിച്ച 1000 ലിറ്ററിന്റെ മൂന്ന് വലിയ സ്‌ക്വയർ ബാരലിലും 200 ലിറ്ററിന്റെ 14 വലിയ പ്ലാസ്റ്റിക് കാനിലുമായാണ് ഡീസൽ കടത്താൻ ശ്രമിച്ചത്. വാഹനത്തെ പൊലീസ് പിന്തുടരുന്നുണ്ടെന്ന് മനസിലാക്കി ചൊക്ലി സ്റ്റേഷൻ അതിർത്തിക്ക് സമീപം പള്ളൂർ സ്റ്റേഷന്റെ പരിധിയിലുള്ള ഒഴിഞ്ഞപറമ്പിൽ വാഹനം ഓടിച്ചു കയറ്റി ഡ്രൈവറും കൂടെയുണ്ടായിരുന്നയാളും വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപെട്ടു.
തുടർന്ന് പള്ളൂർ പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും വാഹനവും ഡീസലും കസ്റ്റഡിയിലെടുക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. പ്രതികൾക്കായി പള്ളൂർ പൊലീസ് അന്വേഷണം ഊർജിതമാക്കി.
കണ്ണൂർ പൊലീസിന്റെ കണ്ണുണ്ട്
പോണ്ടിച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മൂലക്കടവ്, പള്ളൂർ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ബങ്കുകളിൽ നിന്നും രാത്രി കാലങ്ങളിലും പുലർച്ചെയും ഡീസൽ അനധികൃതമായി കേരളത്തിലെ വിവിധ ജില്ലകളിലേക്ക് നികുതി വെട്ടിച്ച് കടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ സിറ്റി പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.